രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല വിദേശ നയം; ദേശീയ താല്‍പര്യങ്ങള്‍ പ്രധാനം; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോള്‍ തങ്ങളുടെ നിലപാടുകള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്, ഇനി ഇത് തടയാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല വിദേശ നയം; ദേശീയ താല്‍പര്യങ്ങള്‍ പ്രധാനം; രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: രാജ്യാന്തര ബന്ധങ്ങളിലെ സൗഹൃദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സര്‍ക്കാര്‍ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശനയം എന്നത് രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുന്നതാണെന്ന ആശയം എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കുട്ടിക്കാലത്ത് മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിക്കൊപ്പം അമേരിക്ക സന്ദര്‍ശിച്ച അനുഭവവും രാഹുല്‍ ഗാന്ധി പങ്കുവച്ചു.

അന്ന് നടന്ന ഒരു ഔദ്യോഗിക അത്താഴ വിരുന്നിന് ശേഷം ഇന്ദിരാഗാന്ധി തന്റെ അമ്മ സോണിയ ഗാന്ധിയോട് അമേരിക്കക്കാര്‍ തന്നെ വിഡ്ഢിയാക്കുകയാണെന്ന് പറഞ്ഞതായി രാഹുല്‍ ഗാന്ധി ഓര്‍മിച്ചു. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ഭാര്യ നാന്‍സി റീഗന്‍, ഇന്ദിരാഗാന്ധിയുടെ സാരിയുടെ അതേ നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതിനെക്കുറിച്ചായിരുന്നു ഇന്ദിരയുടെ പരാമര്‍ശമെന്നും രാഹുല്‍ പറഞ്ഞു.

രാജ്യാന്തര സന്ദര്‍ശനങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുന്നതുപോലെയല്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആര്‍എസ്എസ് അതിന്റെ പഴയ സ്വഭാവത്തില്‍ നിന്ന് മാറി വന്‍കിട മൂലധനത്തിന്റെ ഉപകരണമായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 'ചെറുകിട ഇന്ത്യന്‍ വ്യാപാരികള്‍, സ്വര്‍ണപ്പണിക്കാര്‍, ജ്വല്ലര്‍മാര്‍ തുടങ്ങിയവരായിരുന്നു പഴയ ആര്‍എസ്എസ്. ആ രൂപത്തിലുള്ള ആര്‍എസ്എസ് ഏറെക്കാലം മുമ്പേ ഇല്ലാതായെന്നും ഇപ്പോഴത്തെ ആര്‍എസ്എസ് വന്‍കിട മൂലധനത്തിന്റെ ഉപകരണമായി മാറി'യെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ മനസ്സിലാക്കാന്‍ പുരാതന ചരിത്രത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരെന്നും ഇന്ത്യ ഇന്ന് എങ്ങനെയാണെന്ന് മനസ്സിലാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോള്‍ തങ്ങളുടെ നിലപാടുകള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്, ഇനി ഇത് തടയാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥാനമൊഴിയുന്നതുവരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവരെ ഉറങ്ങാന്‍ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നതിനെക്കുറിച്ചും രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. പ്രതിസന്ധിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സൗഹൃദബന്ധമുള്ളതിനാല്‍ ഇന്ത്യയ്ക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയുമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

Content Highlights: Rahul Gandhi criticised the Modi government’s foreign policy, urging India to prioritise national interests and questioning Pakistan’s role in the West Asia crisis

dot image
To advertise here,contact us
dot image