'സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല'; നിലപാടിലുറച്ച് ഇന്ത്യ

പാകിസ്താനുള്ള വെള്ളത്തിൻ്റെ വിഹിതത്തിൽ കുറവുവരുത്താൻ ശ്രമിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു

'സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല'; നിലപാടിലുറച്ച് ഇന്ത്യ
dot image

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്‌വാളാണ് ഇക്കാര്യം പറഞ്ഞത്. 'സിന്ധു നദീജല ഉടമ്പടിയെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് എല്ലാവര്‍ക്കും അറിയാം. അതില്‍ ഒരു മാറ്റവുമില്ല,' കരാറിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.

വെള്ളത്തിന്മേലുള്ള പാകിസ്താന്റെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഇന്ത്യ സ്വീകരിക്കരുതെന്ന് ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ഏകപക്ഷീയമായും നിയമവിരുദ്ധമായും കരാര്‍ റദ്ദാക്കിയെന്നും പാകിസ്താനുള്ള വെള്ളത്തിന്റെ വിഹിതത്തിൽ കുറവുവരുത്താൻ ശ്രമിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താന് അവകാശപ്പെട്ട ഓരോ തുള്ളി വെള്ളവും തങ്ങളുടെ ‘റെഡ് ലൈൻ’ (മറികടക്കാൻ പാടില്ലാത്ത അതിർവരമ്പ്) ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജലക്ഷാമം രൂക്ഷമാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏക അതിര്‍ത്തി കടന്നുള്ള ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാര്‍. 1960 സെപ്റ്റംബര്‍ 19നാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സിന്ധു നദീജല കരാര്‍ ഒപ്പുവെയ്ക്കുന്നത്. 64 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ കറാച്ചിയില്‍ വെച്ചാണ് ഒപ്പിടുന്നത്. നീണ്ട ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും കടന്നത്.

2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ നേരിട്ടിട്ടും ഇന്ത്യ ഈ കരാറില്‍ നിന്ന് പിന്മാറിയിരുന്നില്ല. എന്നാല്‍ കശ്മീരിൻ്റെ സ്വപ്ന താഴ്‌വരയായ പഹല്‍ഗാമിനെ രക്തരൂക്ഷിതമാക്കിയതിന് പിന്നാലെ നയതന്ത്ര ബന്ധത്തിലെ പ്രധാന ഏടായ സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

Content Highlights: Foreign Ministry Responds to Suspension of Indus Waters Treaty

dot image
To advertise here,contact us
dot image