

പാമ്പിനെക്കുറിച്ച് പലര്‍ക്കും പല സംശയങ്ങളും ഉണ്ട്. അതിലൊന്നാണ് ഒരു പാമ്പ് ഒരാളെ തിരിച്ചറിയുന്നുണ്ടാകുമോ? ഒരിക്കല്‍ കണ്ട മനുഷ്യനെ അടുത്ത തവണ കണ്ടാല്‍ അതിന് ഓര്‍മ വരുമോ? മനുഷ്യരെപ്പോലെ മുഖം നോക്കി ആളുകളെ തിരിച്ചറിയാന്‍ പാമ്പുകള്‍ക്ക് കഴിയുമോ? എന്നെല്ലാം.സത്യത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അല്‍പം സങ്കീര്‍ണമാണ്. പാമ്പുകള്‍ക്ക് മനുഷ്യരുടേതുപോലെ മുഖം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകള്‍ നിലവിലില്ല. എന്നാല്‍ അതിനര്‍ഥം പാമ്പുകള്‍ക്ക് മനുഷ്യരെ തിരിച്ചറിയാനോ ഓര്‍ത്തുവയ്ക്കാനോ കഴിയില്ല എന്നല്ല.

പാമ്പുകളെ സംബന്ധിച്ചിടത്തോളം ഗന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. മനുഷ്യരെപ്പോലെ മൂക്കിലൂടെ മാത്രം ഗന്ധം തിരിച്ചറിയുന്നതല്ല പാമ്പുകളുടെ രീതി. അവയുടെ നാവ് പുറത്തേക്ക് നീട്ടി വായുവിലെയും ചുറ്റുപാടുകളിലെയും രാസകണങ്ങള്‍ ശേഖരിക്കും. പിന്നീട് നാവിന്റെ അറ്റത്തുള്ള കണങ്ങളെ വായയുടെ മേല്‍ഭാഗത്തുള്ള 'ജേക്കബ്‌സണ്‍' (Jacobson's organ) അഥവാ 'വോമെറോനേസല്‍' അവയവത്തിലേക്ക് എത്തിച്ചാണ് ഗന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അവ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് പാമ്പ് ഇടയ്ക്കിടയ്ക്ക് നാവ് പുറത്തേക്ക് നീട്ടുന്നത് .ചുറ്റുപാടില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണിത്.
പാമ്പുകള്‍ക്ക് ചുറ്റുപാടുകള്‍ പഠിക്കാനും അനുഭവങ്ങളില്‍നിന്ന് പെരുമാറാനും കഴിയുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഭക്ഷണം ലഭിക്കുന്ന സ്ഥലം, അപകടകരമായ സാഹചര്യം, ചില പ്രത്യേക ഗന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ അവയ്ക്ക് തിരിച്ചറിയാന്‍ കഴിയും. പക്ഷേ ഒരു പാമ്പ് ഒരാളെ വീണ്ടും കണ്ടാല്‍ ''ഇത് കഴിഞ്ഞ തവണ കണ്ട അതേ മനുഷ്യനാണ്'' എന്ന് മനുഷ്യരെപ്പോലെ വ്യക്തിയുടെ മുഖം തിരിച്ചറിഞ്ഞ് ഓര്‍ക്കുന്നു എന്ന് പറയാന്‍ കഴിയില്ല. പകരം ആ വ്യക്തിയുടെ പ്രത്യേക ഗന്ധം, ചലനം, ശബ്ദവുമായി ബന്ധപ്പെട്ട അനുഭവം എന്നിവ പാമ്പിന് തിരിച്ചറിയാന്‍ കഴിഞ്ഞേക്കാം.

പാമ്പുകളുടെ കാഴ്ചശക്തിക്ക് പല പ്രത്യേകതകളുമുണ്ട്. ചില പാമ്പുകള്‍ക്ക് കാഴ്ചയിലൂടെ ചലിക്കുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ മനുഷ്യരുടെ മുഖത്തെ കണ്ണ്, മൂക്ക്, ചുണ്ട് തുടങ്ങിയ സൂക്ഷ്മമായ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് ഓരോ വ്യക്തിയെയും വേര്‍തിരിക്കുന്ന തരത്തില്‍ മുഖം തിരിച്ചറിയാനുളള കഴിവ് പാമ്പുകള്‍ക്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. അതായത് പാമ്പ് നിങ്ങളെ നോക്കുന്നു എന്നതുകൊണ്ട് അത് നിങ്ങളുടെ മുഖം ഓര്‍മയില്‍ സൂക്ഷിക്കുകയാണെന്ന് അര്‍ഥമില്ല.


നാഷണല്‍ ജിയോഗ്രാഫിക് പുറത്തുവിട്ട ചില പഠനങ്ങള്‍ പ്രകാരം പാമ്പുകള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് സ്വന്തം ഗന്ധം പോലും വേര്‍തിരിച്ച് അറിയാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. ഒരേ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുക്കളുടെ ഗന്ധം തിരിച്ചറിഞ്ഞ് അവ പരസ്പരം ആശയവിനിമയം നടത്തുന്നു. പ്രജനന കാലത്ത് ഇണകളെ കണ്ടെത്താനും സ്വന്തം വര്‍ഗത്തില്‍പ്പെട്ടവയെ തിരിച്ചറിയാനും ഈ ഗന്ധം സഹായിക്കുന്നു.
ഒരാളെ കണ്ടാല്‍ പാമ്പ് ആക്രമിക്കും എന്ന ധാരണ ശരിയാണോ?
പാമ്പുകള്‍ സാധാരണയായി മനുഷ്യരെ വേട്ടയാടുന്ന ജീവികളല്ല. പാമ്പുകള്‍ക്ക് പ്രധാനം അവയുടെ ജീവന്‍ രക്ഷിക്കലാണ്. ഒരു മനുഷ്യന്‍ അടുത്തെത്തുമ്പോള്‍ പല പാമ്പുകളും ആദ്യം രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

പാമ്പുകള്‍ക്ക് സസ്തനികളുടേതില്‍നിന്ന് വ്യത്യസ്തമായ നാഡീവ്യവസ്ഥയാണ്. തലച്ചോറിലെ നിയോകോര്‍ട്ടെക്‌സ്(ചിന്ത, ഭാഷ, ഓര്‍മശക്തി, വികാരങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന ഭാഗം)എന്ന ഭാഗം പാമ്പുകള്‍ക്ക് ഇല്ല. അതിനാല്‍ അവയ്ക്ക് വികാരങ്ങള്‍ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. അവയുടെ ജീവിതരീതിക്ക് ആവശ്യമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തലച്ചോര്‍ ചെറുതായതിനാല്‍ പാമ്പിന് ഓര്‍മയില്ല എന്ന ധാരണ ശരിയല്ല.
ചില പാമ്പുകള്‍ക്ക് പ്രത്യേകിച്ച് പിറ്റ് വൈപ്പറുകള്‍ക്ക് തലയുടെ ഭാഗത്തുള്ള പ്രത്യേക ചൂട് തിരിച്ചറിയുന്ന അവയവങ്ങള്‍ ഉപയോഗിച്ച് ഇരകളില്‍നിന്നുള്ള താപം തിരിച്ചറിയാന്‍ കഴിയും. മനുഷ്യന്‍ പ്രധാനമായും കാഴ്ചയിലൂടെ ലോകത്തെ മനസ്സിലാക്കുമ്പോള്‍ പാമ്പുകള്‍ ഗന്ധം, ചൂട്, ചലനം, കാഴ്ച, സ്പര്‍ശം തുടങ്ങിയ പല സൂചനകളും ഉപയോഗിക്കുന്നു.
Content Highlights :Many people have various questions about snakes. One such question is whether a snake can recognize a person—specifically, whether it remembers a human it has seen before, or if it has the ability to recognize individuals by looking at their faces, just as humans do.