കെസിഎലില്‍ തിളങ്ങാനൊരുങ്ങി തൃശ്ശൂരിന്റെ കൗമാരപ്പട

മാനവ് കൃഷ്ണ, മുഹമ്മദ് ഇനാന്‍, കെആര്‍ രോഹിത്, അമയ് മനോജ്, ജോബിന്‍ ജോബി എന്നിവര്‍ തൃശ്ശൂര്‍ ടൈറ്റന്‍സിനുവേണ്ടിയാണ് കളിക്കുക

കെസിഎലില്‍ തിളങ്ങാനൊരുങ്ങി തൃശ്ശൂരിന്റെ കൗമാരപ്പട
dot image

യുവപ്രതിഭകളുടെ പടയോട്ടത്തിന് വേദിയാകാന്‍ ഒരുങ്ങി കേരള ക്രിക്കറ്റ് ലീഗ്. മൂന്നാം സീസണില്‍ മികച്ച യുവതാരങ്ങളാണ് കളിക്കാനിറങ്ങുക. ഇത്തവണ ലീഗിന്റെ പ്രധാന ആകര്‍ഷണവും ഭാവിയിലെ വാഗ്ദാനങ്ങളായ കൗമാര താരങ്ങളാണ്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമംഗം മാനവ് കൃഷ്ണ, മുഹമ്മദ് ഇനാന്‍, കെആര്‍ രോഹിത്, അമയ് മനോജ്, ജോബിന്‍ ജോബി എന്നിവരടങ്ങുന്ന കൗമാരക്കൂട്ടത്തിന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. നാല് പേരും അണിനിരക്കുന്നത് തൃശ്ശൂര്‍ ടൈറ്റന്‍സിനൊപ്പമാണ്.

കെആര്‍ രോഹിത് കഴിഞ്ഞ സീസണില്‍ തന്നെ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. രോഹിതിനെ ലേലത്തിലൂടെ നിലനിര്‍ത്തിയ ടൈറ്റന്‍സ് മാനവ് കൃഷ്ണയെയും മുഹമ്മദ് ഇനാനെയും അമയ് മനോജിനെയും പുതുതായി ടീമിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരത്തില്‍ മാത്രമായിരുന്നു രോഹിത് കളിക്കാനിറങ്ങിയത്. ഒരു കളിയില്‍ 30 റണ്‍സ് നേടുകയും ചെയ്തു. അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള മികവാണ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായ രോഹിതിനെ വ്യത്യസ്തനാക്കുന്നത്. പതിനാറാം വയസ്സില്‍ കേരളത്തിന് വേണ്ടി അണ്ടര്‍ 19 തലത്തില്‍ അരങ്ങേറ്റം കുറിച്ച രോഹിത് തൃപ്പൂണിത്തുറ സ്വദേശിയാണ്. കഴിഞ്ഞ സീസണിലെ എന്‍എസ്‌കെ ട്രോഫിയില്‍ 10 പന്തുകളില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 39 റണ്‍സ് നേടിയ രോഹിത് ഫൈനലിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു മാനവ് കൃഷ്ണ. രണ്ട് സെഞ്ചുറികളടക്കം സീസണിലുടനീളം കാഴ്ച വച്ച മികവാണ് ദേശീയ അണ്ടര്‍ 19 ടീമിലേക്ക് വഴിതുറന്നത്. കഴിഞ്ഞ രഞ്ജി ട്രോഫിയിലൂടെ കേരളത്തിന് വേണ്ടി സീനിയര്‍ തലത്തിലും മാനവ് അരങ്ങേറ്റം കുറിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലും സെഞ്ചുറി നേടി ശ്രദ്ധേയനായി. വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങുന്ന മാനവ് പുതിയ സീസണില്‍ തൃശൂരിന് മുതല്‍ക്കൂട്ടാവും.

മാനവിനെപ്പോലെ ദേശീയ അണ്ടര്‍ 19 ടീമില്‍ കേരളത്തിന്റെ സാന്നിധ്യമറിയിച്ച താരമാണ് മുഹമ്മദ് ഇനാന്‍. ദുബായില്‍ ഇതിഹാസ താരം സഖ്‌ലെയ്ന്‍ മുഷ്താഖിന് കീഴില്‍ സ്പിന്നിന്റെ ആദ്യ പാഠങ്ങള്‍ സ്വന്തമാക്കിയ താരം പിന്നീട് നാട്ടിലെത്തി ജൂനിയര്‍ ക്രിക്കറ്റിലൂടെ അതിവേഗം ശ്രദ്ധേയനായി. വേഗത്തിലുള്ള ആക്ഷനും ഗൂഗ്ലികള്‍ എറിയാനുള്ള കഴിവുമാണ് മുഹമ്മദ് ഇനാനെ വ്യത്യസ്തനാക്കുന്നത്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള പരമ്പരകളില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി തിളങ്ങിയ ഇനാന്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലും അംഗമായിരുന്നു. ബാറ്റിങ്ങിലും മികവ് പുലര്‍ത്തുന്ന താരം കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ 74 പന്തുകളില്‍ നിന്ന് 105 റണ്‍സ് നേടി ശ്രദ്ധേയനായിരുന്നു. ഇനാന്റെ ഓള്‍റൗണ്ട് മികവ് പുതിയ സീസണില്‍ ടൈറ്റന്‍സിന് കരുത്താകും.

തൃശൂരിന് വേണ്ടിത്തന്നെയിറങ്ങുന്ന അമയ് മനോജാണ് മറ്റൊരു താരം. കഴിഞ്ഞ അണ്ടര്‍ 19 സീസണില്‍ കേരളത്തിന് വേണ്ടി ഏറ്റവുമധികം സ്ഥിരത പുലര്‍ത്തിയ ബാറ്റര്‍മാരില്‍ ഒരാളാണ് അമയ്. പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ നേടിയ സെഞ്ചുറിയുള്‍പ്പെടെ പല മത്സരങ്ങളിലും അമയ് ടീമിന്റെ രക്ഷകനായി. കഴിഞ്ഞ മാസം നടന്ന സീചെം ട്രോഫിയിലും സെഞ്ചുറി നേടിയ അമയ് ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബൗളിങ്ങിലും മികവ് പുലര്‍ത്തുന്ന അമയ് ബിസിസിഐയുടെ സെന്ററല്‍ ഫോര്‍ എക്‌സലെന്‍സ് അണ്ടര്‍ 19 ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ട താരമാണ്.

കെസിഎലില്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും കളിക്കാനൊരുങ്ങുന്ന ജോബിന്‍ ജോബിയാണ് ശ്രദ്ധേയനായ മറ്റൊരു യുവതാരം. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിന്‍ ആദ്യ സീസണില്‍ കൊച്ചിക്ക് വേണ്ടി ചില ശ്രദ്ധേയ ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഫാസ്റ്റ് ബൗളറെന്ന നിലയിലും മികവ് പുലര്‍ത്തി. ഓള്‍റൗണ്ടറെന്ന നിലയില്‍ ജോബിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നു കഴിഞ്ഞ കുച്ച് ബെഹാര്‍ ട്രോഫിയിലെ പ്രകടനം. ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒരേ സമയം സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി ജോബിന്‍ ശ്രദ്ധേയനായിരുന്നു. ഈ മികവ് കെസിഎലിലും ആവര്‍ത്തിക്കാനൊരുങ്ങിയാണ് ജോബിന്‍ കൊച്ചിക്ക് വേണ്ടി കളിക്കാനിറങ്ങുക.

content highlights: Thrissur's Young Brigade Ready to Shine in KCL

dot image
To advertise here,contact us
dot image