ലോട്ടെ ചോകോ പൈയുടെ ഒരു ബാച്ച് തിരികെ വിളിച്ചു; NM10DC2 ബാച്ച് നമ്പറിൻ്റെ വില്‍പ്പനയ്ക്ക് നിരോധനം

വിതരണക്കാര്‍ സ്റ്റോക്ക് വില്‍ക്കുന്നത് നിര്‍ത്തുകയും നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രത്യേകം മാറ്റിവയ്ക്കുകയും വേണമെന്ന് അറിയിച്ചിട്ടുണ്ട്

ലോട്ടെ ചോകോ പൈയുടെ ഒരു ബാച്ച് തിരികെ വിളിച്ചു; NM10DC2 ബാച്ച് നമ്പറിൻ്റെ വില്‍പ്പനയ്ക്ക് നിരോധനം
dot image

ഭോപ്പാല്‍: സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിപണിയിലെത്തിയ ലോട്ടെ ചോകോ പൈയുടെ ഒരു ബാച്ച് തിരികെ വിളിച്ചു. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ഈ ബാച്ചിൻ്റെ വില്‍പ്പനയും സംഭരണവും വിതരണവും നിരോധിച്ചു. ലാബ് പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ അധികം പ്രിസര്‍വേറ്റീവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉല്‍പ്പന്നം വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കാനുള്ള നടപടികളും ആരംഭിച്ചു.

നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് 672 ഗ്രാം പാക്കറ്റിലുള്ള ലോട്ട ചോക്കോ പൈ, ബാച്ച് നമ്പര്‍ NM10DC2 എന്ന ഉല്‍പ്പന്നത്തിനാണ്. 2026 ഏപ്രില്‍ 10നാണ് ഈ ബാച്ച് നിര്‍മിച്ചത്. കാലാവധി 2027 ഏപ്രില്‍ 9 വരെയാണ്. ദുര്‍ഗ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ശേഖരിച്ച സാമ്പിള്‍ പരിശോധനയിലാണ് ഉത്പന്നം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. വിതരണക്കാര്‍, മൊത്തവ്യാപാരികള്‍, റീട്ടെയിലര്‍മാര്‍ എന്നിവര്‍ സ്റ്റോക്ക് വില്‍ക്കുന്നത് നിര്‍ത്തുകയും നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രത്യേകം മാറ്റിവയ്ക്കുകയും വേണമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റോക്ക് ശേഷിക്കുന്നിടത്ത് ഉല്‍പ്പന്നം തിരിച്ചുവിളിച്ച് ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ അധികാരികളെ അറിയിക്കാനും നിര്‍ദേശം നല്‍കി.

തിരിച്ചുവിളിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിവിധ വകുപ്പുകള്‍ പ്രകാരം നശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിരോധിച്ച ബാച്ച് വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തുടനീളം നിരോധനം ഏര്‍പ്പെടുത്തുന്നതിനായി ഫുഡ്സേഫ്റ്റി കമ്മീഷണറെ വിവരമറിയിച്ചിട്ടുണ്ട്. ചെന്നൈയിലെ ഉത്പന്ന നിര്‍മാതാക്കളേയും ഔദ്യോഗികമായി വിവരം അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഈ പ്രത്യേക ബാച്ച് തിരിച്ചുവിളിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയതായും അധികൃതര്‍ പറഞ്ഞു.

അനുവദനീയമായ പരിധിയേക്കാള്‍ കൂടുതലുള്ള പ്രിസര്‍വേറ്റീവിന്റെ സാന്നിധ്യം കുട്ടികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഛത്തീസ്ഗഡില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് വിപണികളില്‍ നിന്നും ഇതേ ബാച്ച് പിന്‍വലിക്കുന്നതിനായി നിര്‍മാതാവുമായി അധികൃതര്‍ ബന്ധപ്പെട്ടുവരികയാണ്. വിപണിയില്‍ ശേഷിക്കുന്ന സ്റ്റോക്ക് കണ്ടെത്താനും തിരിച്ചുവിളിക്കല്‍ നടപടികള്‍ നിരീക്ഷിക്കാനും നിയമലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കാനും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Lotte Choco Pie’s specific batch NM10DC2 has been declared unsafe in Durg after excess preservatives were detected, prompting a sales ban and recall

dot image
To advertise here,contact us
dot image