

മലയാളത്തില്‍ ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് മമിത ബൈജു. ഈ രണ്ടു മാസത്തിനുള്ളില്‍ മമിത പ്രധാന കഥാപാത്രത്തിലെത്തിയ 3 സിനിമകളാണ് റിലീസായതും റിലീസിനൊരുങ്ങുന്നതും. വിജയ്ക്കൊപ്പം അഭിനയിച്ച ജന നായകന്റെ വിജയത്തിന് പിന്നാലെ സൂര്യയ്ക്കൊപ്പം അഭിനയിച്ച വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഇന്നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഈ ഓണത്തിന് ബത്ലഹേം കുടുംബ യൂണിറ്റിലൂടെ മലയാളത്തിലേക്ക് തിരികെ വരികയാണ് മമിത.
യാതൊരു ബാക്ക് ഗ്രൗണ്ടുമില്ലാതെയാണ് മമിത സിനിമാ ലോകത്തേക്ക് എത്തിയത്. അതുകൊണ്ട് താന്‍ തെരഞ്ഞെടുക്കുന്ന കരിയറിനെ കുറിച്ച് തന്റെ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണ് മമിത പറയുന്നത്.
'താന്‍ തെരഞ്ഞെടുക്കുന്ന കരിയര്‍ സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ സംശയം ഉണ്ടായിരുന്നു. പക്ഷെ അത് അവര്‍ പുറത്ത് കാണിച്ചിരുന്നില്ല. അവര്‍ക്ക് ഒരു ധാരണയുമില്ലാത്ത ഇന്‍സ്ട്രിയിലേക്കാണ് ഞാന്‍ ചെല്ലുന്നത്. ആരേയും പരിചയമില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഇവള്‍ എങ്ങോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്, എന്ത് ഭാവിച്ചാണ് എന്നൊക്കെയുള്ള സംസാരങ്ങള്‍ എന്റെ ഫാമിലി ഡിസ്‌കഷനുകളില്‍ വന്നിരുന്നുവെന്ന് ഞാന്‍ പിന്നീട് അറിഞ്ഞിട്ടുണ്ട്.
സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന കാലം ജീവിതത്തിലെ ഏറ്റവും ഇന്‍ഡ്രസ്റ്റിങ് ആയ കാലഘട്ടമായിരുന്നു. കാരണം ആ യാത്ര എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്കറിയില്ല. അറ്റം കാണാന്‍ പറ്റാത്ത ഒരു ടണലിന്റെ ഉള്ളിലൂടെ പോയ്ക്കൊണ്ടിരിക്കുന്ന ഒരു ഘട്ടം ആയിരുന്നു അത്.
കുറച്ച് ഓവര്‍ വെല്‍മിങ്ങും, അതുപോലെ ഒരുപാട് സംശയങ്ങളുമുള്ള സമയം. പക്ഷെ മുന്നില്‍ ഒരു വെളിച്ചം കാണും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോവുകയായിരുന്നു. ഒരുപക്ഷെ ഇപ്പോഴത്തെ ഘട്ടത്തേക്കാളും ഓര്‍ത്തിരിക്കുന്ന, നാളെ ആരോടെങ്കിലും അഭിമാനത്തോടെ പറയാന്‍ സാധിക്കുന്ന എന്റെ ജീവിതത്തിലെ കാലഘട്ടമായിരുന്നു അത്'-മമിത പറയുന്നു.
Content Highlights: Mamitha Baiju speaks about her family's apprehensions regarding her career; she mentions that they were concerned when she first entered the film industry.