

വേനലവധിക്കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളുടെ ഗെയിമിങ് ശീലങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ സൈബർ അപകടങ്ങളിലേക്ക് വഴിവെച്ചേക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനിടയിൽ വരാറുള്ള അപരിചിതമായ ലിങ്കുകൾ വഴി കുട്ടികൾ അപരിചിതരുമായി സംഭാഷണങ്ങളിൽ ഏർപ്പെടാൻ സാധ്യതയേറെയാണ്. ഇത്തരം ചതിക്കുഴികൾ ഒഴിവാക്കുന്നതിനായി ഗെയിമിങ് ഉപകരണങ്ങളിൽ 'പാരന്റൽ കൺട്രോൾ' സംവിധാനങ്ങൾ സജീവമാക്കാനും കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കാനും രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഗെയിമിങ്ങിനിടെ സംശയാസ്പദമായ ലിങ്കുകളോ അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശങ്ങളോ ലഭിച്ചാൽ അത് ഭയം കൂടാതെ രക്ഷിതാക്കളോട് തുറന്നുപറയാൻ കുട്ടികളെ പ്രാപ്തരാക്കണം. ഇനി ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകളോ കുറ്റകൃത്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ 'ഇ-ക്രൈം' പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ തന്നെ പരാതിപ്പെടാമെന്നും പൊലീസ് അറിയിച്ചു.
Content Highlights: Dubai Police have advised parents to closely monitor children's online gaming activities during the school holidays. The guidance focuses on promoting safer digital habits and protecting children while they use online gaming platforms.