'രോഗശാന്തിയോടെ വീട്ടിലേക്ക് മടങ്ങിയതിന് ആശംസകൾ'; പരേതനായ പൊലീസുകാരൻ്റെ ഫോണിലേക്ക് ആയുഷ്മാൻ ഭാരത് സന്ദേശം

ഛത്തീസ്ഗഡ് പൊലീസ് കോണ്‍സ്റ്റബിളും 39കാരനുമായ ദേവനാരായണ്‍ റാം അംബികാപൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു

'രോഗശാന്തിയോടെ വീട്ടിലേക്ക് മടങ്ങിയതിന് ആശംസകൾ'; പരേതനായ പൊലീസുകാരൻ്റെ ഫോണിലേക്ക്  ആയുഷ്മാൻ ഭാരത് സന്ദേശം
dot image

റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സുഖം പ്രാപിച്ചതിന് ആശംസ അറിയിച്ച് ആയുഷ്മാന്‍ ഭാരതിന്റെ സന്ദേശം. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ഉദ്യോഗസ്ഥന്റെ കുടുംബം രംഗത്തെത്തി. ഛത്തീസ്ഗഡ് പൊലീസ് കോണ്‍സ്റ്റബിളും 39കാരനുമായ ദേവനാരായണ്‍ റാം അംബികാപൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ജൂണ്‍ 26ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അദ്ദേഹം ജൂണ്‍ 30ന് മരണമടഞ്ഞു. കുടുംബം മരണാന്തര ചടങ്ങുകള്‍ നടത്തുകയും അധികൃതര്‍ അദ്ദേഹത്തിന്റെ മരണസര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഓഗസ്റ്റ് ആറിനാണ് അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു സന്ദേശം വന്നത് ഭാര്യ സീമ കുജിറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ദേവ്‌നാരായണിന്റെ പിഎം ജയ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്കാണ് സന്ദേശം എത്തിയത്.

'നിങ്ങള്‍ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയതില്‍ ഞങ്ങളും സന്തോഷിക്കുന്നു, ആയുഷ്മാന്‍ ഭാരത് ആരോഗ്യസേവനം ഉപയോഗിച്ചതില്‍ നന്ദി' എന്ന സന്ദേശമാണ് ഉദ്യോഗസ്ഥന്റെ ഫോണില്‍ വന്നത്. ആയുഷ്മാന്‍ പോര്‍ട്ടലില്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം കൃത്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഓഗസ്റ്റ് ആറാണ് ഡിസ്ചാര്‍ജ് തീയതിയായി കാണിച്ചിരിക്കുന്നത്. അതായത് ദേവ്നാരായൺ മരിച്ച് 42നാൾ പിന്നിട്ട ദിവസമാണ് ഓഗസ്റ്റ് ആറ്. ഇതോടെ അദ്ദേഹത്തിന്റെ മരണശേഷവും ആയുഷ്മാൻ കാർഡ് സജീവമായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

മരിച്ച ഉദ്യോഗസ്ഥൻ്റെ ഭാര്യ സീമ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ്. അതിനാൽ തന്നെ ഈ സന്ദേശം ലഭിച്ചത് ഇവർക്ക് മാനസികമായി അസ്വസ്ഥതയുണ്ടാക്കി. ഇതോടെയാണ് അവര്‍ ഒരു വീഡിയോയിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരം ഒരു സന്ദേശം ലഭിക്കുന്ന കുടുംബത്തിന് ഉണ്ടാക്കുന്ന വേദന എന്താണെന്ന് അറിയാമോ എന്നാണ് സീമ ചോദിക്കുന്നത്. ഇത്രയും ദിവസമായിട്ടും തന്റെ ഭര്‍ത്താവിന്റെ മരണം എങ്ങനെ അധികൃതർ അറിയാതെ പോയെന്നും അവര്‍ ചോദിക്കുന്നു. സാധാരണക്കാരായ ആളുകള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങള്‍ എത്രമാത്രം വേദന നല്‍കുമെന്ന് അധികാരികള്‍ക്ക് അറിയില്ലേയെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അവര്‍ പ്രതികരിച്ചു.

അതേസമയം ദേവ്‌നാരായണിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ആയുഷ്മാന്‍ കാര്‍ഡ് ഉപയോഗിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വാദിക്കുന്നു. രോഗി ചികിത്സയിലിരുന്നപ്പോള്‍ ഉണ്ടായിരുന്ന ചെലവിന്റെ പണമല്ലാതെ അധികമായി ഒരു രൂപപോലും ഈടാക്കിയിട്ടില്ലെന്നും സുര്‍ഗുജ ഡിസ്ട്രിക്ട് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ ഷൈലേന്ദ്ര ഗുപ്ത പറയുന്നു. അതേസമയം മാനുഷികമായ തെറ്റുകള്‍ മൂലം ആയുഷ്മാന്‍ പദ്ധതി കൃത്യമായി ക്ലോസ് ചെയ്യാത്തതാണ് ഈ സന്ദേശം ലഭിക്കാൻ ഇടയാക്കിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മൂലം ഓഗസ്റ്റ് ആറിനാണ് ദേവ്നാരായണിന്റെ ആയുഷ്മാന്‍ കാര്‍ഡ് ക്ലോസ് ചെയ്തതെന്നും ഇതാണ് ഓട്ടോമേറ്റഡ് സന്ദേശം ഉദ്യോഗസ്ഥന്റെ ഫോണിലെത്താന്‍ കാരണമെന്നും ആശുപത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരനെ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

Content Highlights: An Ayushman Bharat message wishing recovery and a return home was received on the registered phone number of a late police officer. The message addressed the recipient with a health update despite the officer having passed away earlier. The incident has drawn attention to the scheme's communication system.

dot image
To advertise here,contact us
dot image