

സൗദി അറേബ്യ, സ്വിറ്റ്‌സർലാന്റ്, നെതർലാൻഡ്‌സ് തുടങ്ങിയ വൻകിട രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെ (GDP) മറികടന്ന് ഇന്ത്യയിലെ മുൻനിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം. ബർക്ലേയ്‌സ് പ്രൈവറ്റ് ക്ലയന്റ്‌സ് ഹുറൂൺ ഇന്ത്യ പുറത്തുവിട്ട 2026-ലെ ഏറ്റവും മൂല്യമുള്ള കുടുംബ ബിസിനസുകളുടെ പട്ടികയിലാണ് ഈ കണക്കുകളുള്ളത്. സമ്പാദ്യത്തിൽ 8.5 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും 25.8 ലക്ഷം കോടി ആസ്തിയോടെ മുകേഷ് അംബാനിയുടെ കുടുംബം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ബിസിനസ് കുടുംബമായി ഒന്നാം സ്ഥാനം നിലനിർത്തി.
അതേസമയം, ഒന്നാം തലമുറ സംരംഭകരിൽ 19.6 ലക്ഷം കോടി ആസ്തിയോടെ ഗൗതം അദാനി കുടുംബമാണ് മുന്നിലെത്തിയത്. നിലവില്‍ ഇന്ത്യയിലെ മുൻനിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 1.46 ട്രില്യൺ ഡോളറിലെത്തി (138 ലക്ഷം കോടി). ഈ പട്ടികയെ ഒരു പ്രത്യേക രാജ്യമായി കണക്കാക്കിയാൽ, ലോകത്തിലെ 18-ാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇത് മാറും. 2024-ലെ പതിപ്പിന് ശേഷം ഇവരുടെ ആകെ മൂല്യത്തിൽ 27.5 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. അതായത് ഏകദേശം 30 ലക്ഷം കോടിയുടെ വർധനവ്.
ദിനംപ്രതി ശരാശരി 4,076 കോടിയോളം രൂപയുടെ മൂല്യവർധനവാണ് ഈ ബിസിനസുകൾ കൈവരിച്ചത്. ഇതേ കാലയളവിൽ ഇന്ത്യൻ ഓഹരി വിപണി സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് കുടുംബ ബിസിനസുകൾ ഈ മികച്ച നേട്ടം കൊയ്തത്. മറ്റ് പ്രധാന ബിസിനസ് ഗ്രൂപ്പുകളിൽ ഭാരതി എയർടെല്ലിന്റെ സുനിൽ ഭാരതി മിത്തൽ 12.1 ലക്ഷം കോടി ആസ്തിയോടെ മൊത്തം പട്ടികയിൽ മൂന്നാം സ്ഥാനത്തും, ഒന്നാം തലമുറ സംരംഭകരിൽ രണ്ടാം സ്ഥാനത്തുമെത്തി.
കുമാർ മംഗളം ബിർള (8.14 ലക്ഷം കോടി), ജിൻഡാൽ കുടുംബം (8.02 ലക്ഷം കോടി) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇതിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ മൂല്യം കൂട്ടിച്ചേർത്തത് ജിൻഡാൽ കുടുംബമാണ് (3.3 ലക്ഷം കോടി). വളർച്ചയുടെ നിരക്കിൽ ഷാഹി എക്സ്പോർട്ട്സിന്റെ അഹൂജ കുടുംബം 352 ശതമാനം വർധനയോടെ 37,500 കോടി നേടി ഒന്നാമതെത്തിയപ്പോൾ, ഗാർവാരെ ഹൈ-ടെക് ഫിലിംസിന്റെ ശശികാന്ത് ഗാർവാരെ കുടുംബം റാങ്കിംഗിൽ 61 സ്ഥാനങ്ങൾ ഒറ്റയടിക്ക് ഉയർന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഈ കുടുംബ ബിസിനസുകളുടെ സാന്നിധ്യം വളരെ വലുതാണ്. ആകെ 56 ലക്ഷം കോടി റവന്യൂ ഉൽപ്പാദിപ്പിക്കുന്ന ഈ സ്ഥാപനങ്ങൾ, 1.9 ലക്ഷം കോടിയാണ് നികുതിയായി നൽകുന്നത്. ഇത് ഇന്ത്യയുടെ ആകെ കോർപ്പറേറ്റ് നികുതി വരുമാനത്തിന്റെ 17 ശതമാനത്തോളമാണ്. കൂടാതെ, ഈ സ്ഥാപനങ്ങളിൽ 70 ശതമാനവും നിലവിൽ രണ്ടാം തലമുറയാണ് നയിക്കുന്നത്. കുടുംബ ബിസിനസുകൾ കൂടുതൽ പ്രൊഫഷണൽ മാനേജ്‌മെന്റ് രീതികളിലേക്കും കൃത്യമായ പ്രൊഫഷണൽ ഭരണഘടനയിലേക്കും മാറുന്നു എന്നതിന്റെ സൂചന കൂടിയാണിത്.
Content Highlights: India's top family businesses have reached a combined valuation of about $1.46 trillion, surpassing Saudi Arabia's GDP, according to a new report. The Ambani family remains India's richest business family. The figures highlight the enormous scale of wealth created by India's leading family-run enterprises across sectors including energy, telecom, manufacturing and financial services