

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് പരിശോധിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ബുധനാഴ്ച ശ്രീലങ്കന്‍ ടീം അടച്ചിട്ട സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ പരിശീലനത്തിനിടയിലാണ് അപ്രതീക്ഷിതമായി ഇന്ത്യന്‍ പരിശീലകര്‍ സ്റ്റേഡിയത്തിലെത്തിയത്. ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറും ബാറ്റിങ് കോച്ച് സിതാംഷു കൊട്ടക്കും പിച്ചിലെ സാഹചര്യം നേരിട്ട് വിലയിരുത്താനായി എത്തി. ഇരുവരും എത്തിയതോടെ പിച്ചിന്റെ കവര്‍ അല്പനേരത്തേക്ക് മാറ്റി നല്‍കുകയും, അവര്‍ മടങ്ങിയ ഉടന്‍ തന്നെ വീണ്ടും മൂടുകയും ചെയ്തു. സമീപത്തെ പ്രാക്ടീസ് നെറ്റ്‌സില്‍ ശ്രീലങ്കന്‍ താരങ്ങള്‍ പരിശീലനം തുടരുന്നതിനിടയിലാണ് സന്ദര്‍ശനം.
ഗംഭീറും കൊട്ടക്കും മടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രധാന കവര്‍ വീണ്ടും മാറ്റുകയും, പുല്ല് വെട്ടുന്ന ഗ്രാസ് മോവര്‍ പിച്ചിലിറക്കുകയും ചെയ്തു. നിരവധി തവണ പിച്ചില്‍ റോള്‍ ചെയ്യുകയും, തുടര്‍ന്ന് സോഫ്റ്റ് റോളര്‍ ഉപയോഗിച്ച് പിച്ചിന്റെ മിനുക്കുപണികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. വീണ്ടും പിച്ച് കവര്‍ ചെയ്തുമൂടി.
അതേസമയം, ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുന്നതില്‍ പിച്ചിന്റെ സ്വഭാവം നിര്‍ണായക പങ്ക് വഹിക്കും. മത്സരത്തിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ, മൂന്ന് പേസര്‍മാരെയാണോ അതോ മൂന്ന് സ്പിന്നര്‍മാരെയാണോ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന കാര്യത്തില്‍ കൃത്യമായ തീരുമാനമായിട്ടില്ല. ഒന്നാം ദിനത്തിലെ പിച്ചിന്റെ സാഹചര്യം കൂടി കണക്കിലെടുത്ത ശേഷമേ അന്തിമ ബൗളിങ് കോമ്പിനേഷന്‍ നിശ്ചയിക്കൂ എന്ന് ടീം മാനേജ്മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിച്ച് പൂര്‍ണമായും സ്പിന്നിനെ തുണയ്ക്കുന്ന രീതിയിലല്ലെങ്കില്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടംപിടിച്ചേക്കും.
അതിനിടെ, പ്ലേയിങ് ഇലവന് പുറമെ പ്രതികൂല കാലാവസ്ഥയും ഇന്ത്യന്‍ മാനേജ്മെന്റിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ ശ്രീലങ്കയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ബുധനാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വരും ആഴ്ചയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഓഗസ്റ്റ് 11, 12 തീയതികളില്‍ ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ടീം പരിശീലനം പുനരാരംഭിക്കും. കൊളംബോയില്‍ നടന്ന പരിശീലന ക്യാമ്പില്‍ കളിക്കാര്‍ കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. മൂന്ന് ദിവസത്തെ വാം-അപ്പ് മത്സരത്തില്‍ എല്ലാ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും അവസരം ലഭിച്ചിരുന്നു.
content highlights: Crucial Sri Lanka Tour: Gautam Gambhir Inspects Pitch Ahead of Test Series