അയാള്‍ 'അന്യനെ'പ്പോലെയായിരുന്നു, എന്നെ പൂര്‍ണമായും കണ്‍ട്രോള്‍ ചെയ്തു; അനുപമ പരമേശ്വരന്‍

താന്‍ ബ്രേക്കപ്പായെന്ന് വ്യക്തമാക്കി അനുപമ പരമേശ്വരന്‍

അയാള്‍ 'അന്യനെ'പ്പോലെയായിരുന്നു, എന്നെ പൂര്‍ണമായും കണ്‍ട്രോള്‍ ചെയ്തു; അനുപമ പരമേശ്വരന്‍
dot image

കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ ഒരു മോശം അവസ്ഥയിലൂടെയായിരുന്നു കടന്നു പോയതെന്ന് നടി അനുപമ പരമേശ്വരന്‍. താന്‍ രണ്ടു വര്‍ഷമായി 'നാര്‍സിസ്റ്റിക് അബ്യൂസ്' നേരിടുകയായിരിന്നുവെന്നും താരം പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്ന് പറച്ചില്‍.

വിക്രം സിനിമയിലെ 'അന്യന്‍' കഥാപാത്രം പോലെയായിരുന്നു താന്‍ പ്രണയിച്ച ആളെന്ന് പറയുകയാണ് അനുപമ പരമേശ്വരന്‍. ചില സമയത്ത് റെമോയെപ്പോലെയും മറ്റുചിലപ്പോള്‍ അന്യനെപ്പോലെയുമാണ് പെരുമാറുന്നതെന്നും താരം പറയുന്നു. കുറച്ചു ദിവസം മുന്‍പ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇനി ഒന്നിനും ആരുടെയും അനുവാദം വേണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു നടിയുടെ പോസ്റ്റ്. പിന്നാലെ ഇത് പ്രണയത്തകര്‍ച്ചയെക്കുറിച്ചാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു.

'കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ നാര്‍സിസ്റ്റിക് അബ്യൂസിലൂടെയാണ് കടന്നുപോയത്. അന്ന് ഞാന്‍ ആ മഞ്ഞ ഉടുപ്പിട്ട ഫോട്ടോയ്ക്ക് പകരം, എന്റെ ഒരു പടം ഇട്ടിട്ട് 'റെസ്റ്റ് ഇന്‍ പീസ്' അനുപമ, അവര്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നെങ്കില്‍ എനിക്കിന്ന് ഒരുപാട് സ്നേഹം കിട്ടിയേനെ. ബ്രേക്ക് അപ്പ് എന്ന് പുറംലോകം അറിഞ്ഞിട്ട് ഒരുമാസത്തിലേറെയായി. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ള സ്റ്റാഫും ഉള്‍പ്പെടെ എല്ലാവര്‍ക്കും ആ ബന്ധം എനിക്ക് ചേര്‍ന്നതല്ലെന്ന ബോധ്യമുണ്ടായിരുന്നു. അവര്‍ എന്നില്‍ മാറ്റം കണ്ടു. ഞാന്‍ ഒതുങ്ങിക്കൂടുന്നതായി അവര്‍ മനസിലാക്കി.

വളരെ നിശ്ശബ്ദമായാണ് നാര്‍സിസ്റ്റിക് അബ്യൂസ് നടക്കുക. സ്വന്തം വില തിരിച്ചറിയില്ല. അടിസ്ഥാനപരമായി അവര്‍ക്ക് വേണ്ടത് നിയന്ത്രിക്കാന്‍ ആരെയെങ്കിലുമാണ്. അവരെപ്പോഴും അംഗീകാരവും പരിഗണനയും ആഗ്രഹിക്കും. അപ്പോള്‍ നമ്മള്‍ വിചാരിക്കും, പാവമായിട്ടുള്ള, പറഞ്ഞതു കേള്‍ക്കുന്ന പെണ്‍കുട്ടികളെയാണ് അവര്‍ക്ക് ഇഷ്ടമാവുക എന്ന്. എന്നാല്‍, വിപരീത ധ്രുവങ്ങളാണ് ആകര്‍ഷിക്കപ്പെടുക. അവരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തരായവരെയാണ് അവര്‍ തേടുക. നമ്മളെ വൈകാരികമായി എങ്ങനെ വലയിലാക്കാമെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അവര്‍ സ്വന്തം വീട്ടില്‍ ഒരുതരത്തിലും പുറത്തിറങ്ങുമ്പോള്‍ തീര്‍ത്തും വ്യത്യസ്തരായ മനുഷ്യരായിട്ടുമാണ് പെരുമാറുക. വ്യക്തിപ്രഭാവമുള്ള, ശാന്തമായ, ദയയുള്ള, ലജ്ജാലുവായ, കണ്ടാല്‍ ആകര്‍ഷണം തോന്നുന്ന തരത്തിലാണ് പെരുമാറുക. ആദ്യം അവരുടെ ആ മുഖം കാണിക്കും. നിങ്ങളുടെ ബലഹീനതകള്‍ മനസിലാക്കും. സഹാനുഭൂതിയുള്ളവരെയാണ് അവര്‍ ലക്ഷ്യമിടുക.

നമ്മളെക്കൊണ്ട് തന്നെ നമ്മുടെ ചില്ലകള്‍ മുറിക്കുക എന്നതാണ് അവരുടെ തന്ത്രം. അവര്‍ നമ്മളോട് അടുക്കുമ്പോള്‍ അച്ഛനും അമ്മയും പോലും തന്നെ ഇത്രയും മനസിലാക്കിയില്ലല്ലോ എന്ന് തോന്നും. ആദ്യത്തെ ഒന്നുരണ്ട് ഡേറ്റിന് ശേഷം അയാളുടെ വീട്ടില്‍ കൊണ്ടുപോയി. കുടുംബത്തെ പരിചയപ്പെടുത്തി, അവരോടൊപ്പം ഭക്ഷണം കഴിച്ചു. മൂന്നുമാസത്തിനുള്ളില്‍ അയാള്‍ എന്‍ഗേജ്മെന്റിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. എവിടെ നടത്തണം, എത്രപേര്‍ പങ്കെടുക്കണം എന്ന് കുടുംബം ചോദിക്കാന്‍ തുടങ്ങി. എന്നെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്നവരോട്, എന്‍ഗേജ്മെന്റ് എന്ന ആവശ്യം ഞാന്‍ വേണ്ടെന്നുവെച്ചിരുന്നില്ലെങ്കില്‍ അയാളുമായുള്ള വിവാഹം ഡിവോഴ്സില്‍ കലാശിച്ചേനെ. എന്‍ഗേജ്മെന്റ് വേണ്ടെന്ന് ഞാനാണ് തീരുമാനിച്ചത്. അവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ കുറച്ചുകൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു.

എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു 'ഡ്രാഗണ്‍' എന്ന ചിത്രം. എന്തുകൊണ്ടാണ് ഞാന്‍ അതിന്റെ പ്രൊമോഷന് വരാതിരുന്നത്? ഒരുപാട് ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചു. ജോലിയില്‍ മാത്രമല്ല, എല്ലാകാര്യത്തിലും നിയന്ത്രിക്കാന്‍ തുടങ്ങി'- അനുപമ പറഞ്ഞു.

അനുപമയും വിക്രത്തിന്റെ മകനായ ധ്രുവ് വിക്രവും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Content Highlights: -Anupama Parameswaran says she has been facing 'narcissistic abuse' for two years.

dot image
To advertise here,contact us
dot image