കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി; നേതാക്കള്‍ ക്ഷമ കാണിക്കണം, അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

മന്ത്രിസഭയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മറ്റു സ്ഥാനങ്ങള്‍ നല്‍കുമെന്ന വാഗ്ദാനവും അനുനയത്തിന്റെ ഭാഗമായി മുന്നോട്ട് വെച്ചിട്ടുണ്ട്

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി; നേതാക്കള്‍ ക്ഷമ കാണിക്കണം, അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍
dot image

ബംഗലൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍ നേതാക്കള്‍ക്ക് ഡികെ ശിവകുമാറിന്റെ അനുനയ സന്ദേശം. നേതാക്കള്‍ ക്ഷമ കാണിക്കണം എന്നാണ് ശിവകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മറ്റു സ്ഥാനങ്ങള്‍ നല്‍കുമെന്ന വാഗ്ദാനവും അനുനയത്തിന്റെ ഭാഗമായി മുന്നോട്ട് വെച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ അനുനയിപ്പിക്കാനും ഹൈക്കമാന്റ് ശ്രമം തുടരുകയാണ്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സിദ്ധരാമയ്യയുമായി സംസാരിക്കും. മന്ത്രിസഭാ പുനഃസംഘടനയിലെ അതൃപ്തി പരിഹരിക്കാനാണ് നീക്കം. പുനസംഘടിപ്പിച്ച മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് സിദ്ധരാമയ്യ വിട്ടു നിന്നത് വിവാദമായിരുന്നു. അതേസമയം മന്ത്രിസഭാ പുനസംഘടനയില്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അതൃപ്തി കനക്കുകയാണ്. മുന്നറിയിപ്പുമായി കൂടുതല്‍ എംഎല്‍എമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എംഎല്‍എമാരായ ഗോപാലകൃഷ്ണയും സംഗമേഷും രാജി ഭീഷണി മുഴക്കി. ഇന്നലെ യശ്വന്തരായഗൗഡ വി പാട്ടീല്‍ രാജി വെച്ചിരുന്നു.

പാര്‍ട്ടിയില്‍ ആശയക്കുഴപ്പവും അതൃപ്തിയും നിലനില്‍ക്കെയാണ് കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചത്. 13 മന്ത്രിമാര്‍ക്കൊപ്പം ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ട് മാസത്തിന് ശേഷമാണ് 19 എംഎല്‍എമാരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തവരില്‍ എട്ടുപേര്‍ ആദ്യമായാണ് മന്ത്രിമാരാകുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രണ്ടാം ഭരണകാലത്ത് മന്ത്രിമാരായിരുന്ന ആറുപേര്‍ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്തിയിട്ടുമുണ്ട്. മന്ത്രിസഭയിലേക്ക് എ വി ഗായത്രി ശാന്തെഗൗഡയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ ഒഴിവാക്കുകയായിരുന്നു. മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്തതും ചര്‍ച്ചയാകുന്നുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ അന്‍പതിലേറെപ്പേര്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തില്‍, കുറഞ്ഞത് രണ്ട് മന്ത്രിസ്ഥാനങ്ങളെങ്കിലും ഒഴിച്ചിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. 34 അംഗങ്ങളുള്ള മന്ത്രിസഭയിലെ എല്ലാ ഒഴിവുകളും നികത്താനാണ് പാര്‍ട്ടി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് ഒടുവില്‍ ഒരു സ്ഥാനം ഒഴിച്ചിടാന്‍ തീരുമാനിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പട്ടികയില്‍ മാറ്റം വരുത്തിയത്. നിയമസഭയിലെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേക്കും ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെയാണ് പൊട്ടിത്തെറി ശക്തമായത്.

Content Highlights: Following the Karnataka cabinet expansion, DK Shivakumar has urged Congress leaders to remain patient as discontent grows within the party. The Congress leadership is also working to address Siddaramaiah's concerns, while several MLAs have expressed dissatisfaction and warned of further political repercussions.

dot image
To advertise here,contact us
dot image