രാത്രി 7 മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരാണോ? അപകടം ക്ഷണിച്ചുവരുത്തരുതേ

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് എന്തുകൊണ്ട്

രാത്രി 7 മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരാണോ? അപകടം ക്ഷണിച്ചുവരുത്തരുതേ
dot image

കാലങ്ങളായി കേള്‍ക്കുന്ന കാര്യമാണ് അത്താഴം നേരത്തെ കഴിക്കണം എന്നുള്ളത്. എന്നാല്‍ ആധുനിക ജീവിതം പഴയകാല ചിട്ടകളെയെല്ലാം മാറ്റി മറിച്ചു. നീണ്ട ജോലി സമയം, വൈകിയുള്ള മീറ്റിംഗുകള്‍, മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇവയെല്ലാം രാത്രി 9മണിക്കോ 10 മണിക്കോ അത്താഴം കഴിക്കുന്ന ശീലം പലരിലും ഉണ്ടാക്കി.

വിശ്രമിക്കാന്‍ പോകുന്ന ശരീരത്തിലേക്ക് വലിയ അളവില്‍ ഭക്ഷണം എത്തിയാല്‍ വളരെയധികം ദോഷമുണ്ടാകും. നമ്മുടെ ദഹനവ്യവസ്ഥ, ഹോര്‍മോണുകള്‍, മെറ്റബോളിസം എന്നിവയെല്ലാം ഒരു ദൈനംദിന താളം പിന്തുടരുന്നു. ഇത് ' സര്‍ക്കാഡിയന്‍ റിഥം' എന്ന് അറിയപ്പെടുന്നു.


പകല്‍ സമയങ്ങളില്‍ ഭക്ഷണം ദഹിപ്പിക്കാനും ദഹന എന്‍സൈമുകള്‍ പുറത്തുവിടാനും ഊര്‍ജത്തിനായി പോഷകങ്ങള്‍ ഉപയോഗിക്കാനും ശരീരം നന്നായി തയ്യാറെടുക്കുന്നു. വൈകുന്നേരം അടുക്കുമ്പോള്‍ ഈ പ്രക്രിയകള്‍ സ്വാഭാവികമായു മന്ദഗതിയിലാകാന്‍ തുടങ്ങുന്നു.അതായത് ശരീരത്തെ ഉറക്കത്തിന് ഒരുക്കുന്നതിനായി ദഹനവ്യവസ്ഥ മന്ദഗതിയിലാകാന്‍ തുടങ്ങുന്നു. അതുകൊണ്ടുതന്നെ വൈകി ഭക്ഷണം കഴിക്കുന്നത് പ്രത്യേകിച്ച് കട്ടികൂടിയ ഭക്ഷണം കഴിക്കുന്നത് കാലക്രമേണ ദഹനവ്യവസ്ഥയേയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

Eating late at night

നെഞ്ചെരിച്ചിലും അസ്വസ്ഥതയും

വൈകി ഭക്ഷണം കഴിക്കുകയും ഉടനെ കിടക്കുകയും ചെയ്യുമ്പോള്‍ പലതരം അസ്വസ്ഥകള്‍ ഉണ്ടാകുന്നു. ഇതൊരു മുന്നറിയിപ്പ് സൂചനയാണ്. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നത് വയറ്റിലെ ആസിഡ് ഭക്ഷണനാളത്തിലേക്ക് തിരികെ സഞ്ചരിക്കുന്നത് എളുപ്പമാക്കുന്നു. ആഴ്ചകളും മാസങ്ങളും ഇത് തുടരുമ്പോള്‍ ആസിഡ് റിഫ്‌ളക്‌സിന് കാരണമാകും. രാത്രി ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണ പ്രശ്‌നങ്ങളില്‍ ഒന്നാണ് അസിഡിറ്റിയും ആസിഡ് റിഫ്‌ളക്‌സും. ഈ ശീലം നെഞ്ചെരിച്ചില്‍ , വയറ് വീര്‍ക്കല്‍, ദഹനക്കേട്, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകും.

Eating late at night

പ്രമേഹവും ശരീരഭാരത്തിലെ വര്‍ധനവും

വൈകി ഭക്ഷണം കഴിക്കുന്ന ശീലം കൊണ്ട് ഭാവിയില്‍ പലതരം രോഗങ്ങള്‍ ഉണ്ടായേക്കാം. വൈകി ഭക്ഷണം കഴിക്കുന്ന ആളുകള്‍ പലപ്പോഴും മൊത്തത്തില്‍ കൂടുതല്‍ കലോറി ഉപയോഗിക്കുന്നു. അത്താഴത്തിനൊപ്പം കൂടുതല്‍ തവണ ലഘുഭക്ഷണം കഴിക്കുന്നവരുമുണ്ട്. കൂടാതെ പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.രാത്രിയില്‍ ശരീരം പൊതുവേ ഗ്ലൂക്കോസും കൊഴുപ്പും സംസ്‌കരിക്കുന്നതില്‍ പിന്നോട്ട് നില്‍ക്കുന്നതിനാല്‍ ഈ കലോറികള്‍ ക്രമേണ ഉപാപചയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.


വൈകി അത്താഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുകയും മോശം ഉപാപചയ ആരോഗ്യത്തിനും കാരണമാകുന്നു. പൊണ്ണത്തടി, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, കാലക്രമേണ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം.വൈകുന്നേരം 7 മണിക്ക് ശേഷം അത്താഴം കഴിക്കുന്ന എല്ലാവര്‍ക്കും ഈ അവസ്ഥകള്‍ ഉണ്ടാകുമെന്ന് ഇതിന് അര്‍ഥമില്ല. ജീവിതശൈലി, മൊത്തം കലോറി ഉപഭോഗം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഉറക്കം എന്നിവയെല്ലാം ഇക്കാര്യത്തില്‍ പ്രധാനമാണ്.

Eating late at night

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അര്‍ഥരാത്രിയില്‍ ഉറങ്ങുന്ന ഒരാള്‍ക്ക് രാത്രി 8മണിക്ക് ഭക്ഷണം കഴിച്ചാലും കുഴപ്പമില്ല.ഏറ്റവും വലിയ പ്രശ്‌നം എന്തെന്നാല്‍ കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം അപ്പോള്‍ത്തന്നെ ഉറങ്ങാന്‍ പോകുന്നതാണ്.

ഉറങ്ങാന്‍ പോകുന്നതിന് 2.3മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക.നേരത്തെ ഭക്ഷണം കഴിക്കാന്‍ സമയമില്ലാത്തവര്‍ എണ്ണമയമുള്ളതോ വറുത്തതോ മധുരം കൂടുതലുളളതോ ആയ ഭക്ഷണം കഴിക്കുന്നതിന് പകരം പച്ചക്കറികള്‍, ലീന്‍ പ്രോട്ടീന്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃത ഭക്ഷണം തെരഞ്ഞെടുക്കുക.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്)

Content Highlights :Why does eating late at night adversely affect health?

dot image
To advertise here,contact us
dot image