സ്ഥാനം സംരക്ഷിക്കാന്‍ ട്രംപിന്റെ സഹായം തേടിയെന്ന വാര്‍ത്ത തള്ളി ഫിഫ

'ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്' പദ്ധതിയെച്ചൊല്ലി രാജിസമ്മര്‍ദ്ദം കടുക്കുന്നതിനിടെയാണ് ഫിഫയുടെ വിശദീകരണം

സ്ഥാനം സംരക്ഷിക്കാന്‍ ട്രംപിന്റെ സഹായം തേടിയെന്ന വാര്‍ത്ത തള്ളി ഫിഫ
dot image

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ തന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭരണകൂടത്തെയും സമീപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫിഫ. വിവാദപരമായ 'ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്' പദ്ധതിയെച്ചൊല്ലി രാജിസമ്മര്‍ദ്ദം കടുക്കുന്നതിനിടെയാണ് ഫിഫയുടെ വിശദീകരണം.

ഫിഫ ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളുടെ സംപ്രേഷണം, സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റിങ് തുടങ്ങിയ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസിന് രൂപം നല്‍കിയത്. ലോകകപ്പിന്റെ അവകാശങ്ങള്‍ വില്‍പനയ്ക്ക് വെക്കുന്നതിനെതിരെ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ കടുത്ത പ്രതിഷേധമുയര്‍ത്തുകയും ഫിഫ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചെങ്കിലും ഇന്‍ഫാന്റീനോയ്‌ക്കെതിരായ എതിര്‍പ്പ് തണുത്തിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ഇന്‍ഫാന്റീനോ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ പ്രമുഖരെ ബന്ധപ്പെട്ടതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും ഇത്തരം കൂടിക്കാഴ്ചകളൊന്നും നടന്നിട്ടില്ലെന്നും ഫിഫ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ, വിവാദ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്‍ഫാന്റീനോയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് യുവേഫ. വരാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റീനോയ്ക്ക് നല്‍കിയ പിന്തുണ പിന്‍വലിക്കാന്‍ ഇംഗ്ലണ്ട്, വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷനുകളും തീരുമാനിച്ചിട്ടുണ്ട്.

content highlights: FIFA Denies Reports of Seeking Donald Trump's Help to Retain Position

dot image
To advertise here,contact us
dot image