സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് വിട്ടു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

2021-ലെ തെരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ചന്ദ്രകുമാർ ബോസ്

സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസ് വിട്ടു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം
dot image

കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനായ ചന്ദ്രകുമാര്‍ പാര്‍ട്ടി വിട്ടത്. 'വ്യക്തിപരമായ കാരണങ്ങളാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു. പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു' എന്നാണ് പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിക്ക് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രകുമാര്‍ ബോസ് പറയുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടുന്നതിന് ആഴ്ചകള്‍ മുന്‍പ് ഏപ്രില്‍ 12-നാണ് ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നേരത്തെ ബിജെപിയിലായിരുന്ന ചന്ദ്രകുമാര്‍ ബോസ്, സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ ഹിയറിംഗിന് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വാതന്ത്ര സമരസേനാനിയായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനായിട്ടും തന്റെ പൗരത്വത്തെക്കുറിച്ച് എന്തിനാണ് സംശയം ഉന്നയിക്കുന്നതെന്ന് അദ്ദേഹം അന്ന് ചോദിച്ചിരുന്നു. 2016-ലാണ് ചന്ദ്രകുമാര്‍ ബോസ് ബിജെപിയില്‍ ചേര്‍ന്നത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്‍ക്കത്ത ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ടിഎംസി സ്ഥാനാര്‍ത്ഥി മാലാ റോയ്‌യോട് പരാജയപ്പെടുകയായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Content Highlights: Chandra Kumar Bose, grandnephew of Netaji Subhas Chandra Bose, resigns from Trinamool Congress (TMC) citing personal reasons.

dot image
To advertise here,contact us
dot image