കാർഷിക ബജറ്റിന്റെ ഡ്രാഫ്റ്റുമായി കൃഷി മന്ത്രി തിരുപ്പതി സന്ദർശനം നടത്തി; തമിഴ്നാട്ടിൽ വിവാദം

ക്ഷേത്രത്തിലെ ചടങ്ങിനായി ബജറ്റിന്റെ കരട് രേഖ കൊണ്ടുപോയതിലെ ഔചിത്യമെന്താണെന്ന് എഐഎഡിഎംകെ ചോദ്യം ചെയ്തു

കാർഷിക ബജറ്റിന്റെ ഡ്രാഫ്റ്റുമായി കൃഷി മന്ത്രി തിരുപ്പതി സന്ദർശനം നടത്തി; തമിഴ്നാട്ടിൽ വിവാദം
dot image

ചെന്നൈ: 2026-27 കാലയളവിലെ കാർഷിക ബജറ്റിന്റെ ഡ്രാഫ്റ്റുമായി തിരുപ്പതി ക്ഷേത്ര ദർശനം നടത്തിയ തമിഴ്‌നാട് കൃഷി മന്ത്രി ആർ വിനോദിനെതിരെ വിമർശനം ശക്തമാകുന്നു. ഓഗസ്റ്റ് ആറിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ വിവാദ ക്ഷേത്ര സന്ദർശനം. പിന്നാലെ വിവിധ രാഷ്ട്രീയപാർട്ടികളും മന്ത്രിക്കെതിരെ രംഗത്തെത്തി.

ബജറ്റിന്റെ കരട് രൂപം സർക്കാരിന്റെ ഔദ്യോഗിക രേഖയാണെന്നും അത് മതപരമായ ചടങ്ങിൽ ഉപയോഗിക്കാൻ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യൻ പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഇന്ത്യ ഒരു മതേതര രാജ്യമാണ്. അതിനാൽ മതപരവും വ്യക്തിപരവുമായ വിശ്വാസങ്ങൾ സർക്കാരുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ നിന്നും മാറ്റിനിർത്തണം. ഒരു ക്ഷേത്രത്തിൽ ബജറ്റിന്റെ കരട് രേഖ എത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സിപിഐ നേതാവ് അഭിപ്രായപ്പെട്ടു. കൂടാതെ കർഷകരുടെയും കാർഷിക മേഖലയുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കാനാണ് ക്ഷേത്രത്തിലെത്തിയതെന്ന മന്ത്രിയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ഔദ്യോഗിക വിഷയങ്ങളിൽ സർക്കാർ മതേതരത്വം പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ക്ഷേത്രത്തിലെ ചടങ്ങിനായി ബജറ്റിന്റെ കരട് രേഖ കൊണ്ടുപോയതിലെ ഔചിത്യമെന്താണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും എഐഎഡിഎംകെ ചൂണ്ടിക്കാട്ടി. മാത്രമല്ല മന്ത്രിക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം നികുതി ദായകരുടെ പണം എങ്ങനെയാണ് ചെലവഴിക്കുന്നത് എന്നതിനുള്ള ഭരണഘടനാ രേഖയാണ് ബജറ്റ് രേഖകളെന്നും അല്ലാതെ ദൈവത്തിനുള്ള പൂജാദ്രവ്യമല്ലെന്നുമാണ് സിപിഐഎം എംപി സു വെങ്കടേശന്റെ പ്രതികരണം.

ഡിഎംകെ വിദ്യാർത്ഥി സംഘടനയും പരിസ്ഥിതി പ്രവർത്തകനായ ജി സുന്ദർരാജനും മന്ത്രിയുടെ ബജറ്റുമായുള്ള തിരുപ്പതി സന്ദർശനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: The Tamil Nadu Agriculture Minister's visit to Tirupati carrying the draft agriculture budget has sparked political controversy. The visit has drawn criticism and renewed debate over the circumstances surrounding the budget presentation.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us