

മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന സംഗീത റിയാലിറ്റി ഷോയായ 'സരിഗമപ ലിറ്റിൽ ചാംപ്സ്' വിജയകരമായ ഒന്നാം സീസണ് ശേഷം രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ആഗസ്റ്റ് 1 മുതൽ രണ്ടാം സീസൺ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. ഷോയിൽ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൊച്ചു ഗാനപ്രതിഭകൾ തങ്ങളുടെ മാസ്മരിക ശബ്ദവുമായി വേദി കീഴടക്കും.
കുഞ്ഞു പ്രതിഭകളെ കണ്ടെത്തുകയും അവരുടെ സംഗീത സ്വപ്നങ്ങൾക്ക് ചിറകേകുകയും ചെയ്തുകൊണ്ടാണ് സരിഗമപ ലിറ്റിൽ ചാംപ്സ് ആദ്യ സീസൺ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. വിജയകരമായ ആദ്യ പതിപ്പിന് ശേഷം, കൂടുതൽ മികവുറ്റ പ്രതിഭകളെയും ആവേശകരമായ നിമിഷങ്ങളെയും ഉൾപ്പെടുത്തിയാണ് സീ കേരളം രണ്ടാം സീസൺ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത സംഗീതജ്ഞരായ സുജാത മോഹൻ, ബിന്നി കൃഷ്ണകുമാർ, ശ്രീനിവാസ് എന്നിവരടങ്ങുന്ന വിധികർത്താക്കളാണ് ഇത്തവണ കുട്ടിപ്പാട്ടുകാരെ നയിക്കാനും വിലയിരുത്താനുമായി വേദിയിലെത്തുക. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ജീവ തന്നെയാണ് ഈ സീസണിലും അവതാരകനായി ആതിഥേയത്വം വഹിക്കുന്നത്.
ആഗസ്റ്റ് 1 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 8 മണിക്ക് സീ കേരളം ചാനലിൽ 'സരിഗമപ ലിറ്റിൽ ചാംപ്സ് സീസൺ 2' സംപ്രേഷണം ചെയ്യും.
Content Highlight: Zee Keralam's Sa Re Ga Ma Pa Li'l Champs Season 2 airs Saturdays and Sundays at 8 PM