

മുംബൈ: റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത് സിബിഐ. ഇദ്ദേഹവും ചില പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് ഇപിഎഫ്ഒ1816 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. ഇപിഎഫ്ഒ റിലയന്‍സിന്റെ സുരക്ഷിതമായ നോണ്‍ കണ്‍വിറ്റബിള്‍ ഡിബെഞ്ചറില്‍(എന്‍സിഡി) 2013-14 കാലഘട്ടത്തില്‍ 2500 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ കമ്പനിക്ക് ലഭിക്കേണ്ട തിരിച്ചടവ് മുടങ്ങി എന്നാണ് പരാതി.
മുമ്പ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് മുമ്പില്‍ വിഷയം ഒത്തുതീര്‍പ്പായിരുന്നു. എന്നാല്‍ അടുത്തിടെയാണ് ആര്‍സിഎല്ലിന്റെ ഇടപാടുകളിലെ ക്രമക്കേടിനെ കുറിച്ചുള്ള കണ്ടെത്തലുകള്‍ ഇഡി പുറത്തുവിടുന്നത്. പിന്നാലെ ഇഎഫ്പിഒ റിലയന്‍സിനെതിരെ സിബിഐക്ക് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ യാതൊരു ക്രമവിരുദ്ധമായ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അനില്‍ അംബാനിയുടെ വക്താവ് അറിയിച്ചിരിക്കുന്നത്. 2005 മുതല്‍ 2021 വരെയാണ് അനില്‍ അംബാനി ആര്‍സിഎല്ലിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ആര്‍ബിഐ ബോര്‍ഡിനെ മരവിപ്പിക്കുകയും ഇത് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴില്‍ ആക്കുകയുമായിരുന്നു.
തൊഴിലാളികളുടെ പ്രൊവിഡന്‍സ് ഫണ്ട്, പെന്‍ഷന്‍ സ്‌കീം മറ്റ് ഇന്‍ഷ്വറന്‍സ് സ്‌കീമുകള്‍ എന്നിവ കൈകാര്യ ചെയ്യുന്നത് ഇപിഎഫ്ഒ ആണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആണ് ഇതിന്റെ ഭരണ നിര്‍വഹണം കൈകാര്യം ചെയ്യുന്ന സംവിധാനം. എന്നാല്‍ 2019ല്‍ ആര്‍സിഎല്ലിന്റെ സാമ്പത്തിക സ്ഥിതി മോശമാകുകയും കോര്‍പ്പറേറ്റ് പാപ്പരത്വ പരിഹാര നടപടി ക്രമങ്ങളിലേക്ക് കടക്കുകയും ചെയ്തു. പിന്നാലെ 2019ല്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുമ്പില്‍ തങ്ങളുടെ പരാതി ഇപിഎഫ്ഒ നല്‍കിയിരുന്നു. എന്‍സിഎല്‍ടിയുമായി നടന്ന ഒത്തുതീര്‍പ്പ് നടപടിക്ക് പിന്നാലെ 1492 കോടി രൂപ ഇപിഎഫ്ഒക് തിരികെ ലഭിച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള 1007 കോടി രൂപയും ഇതിന്റെ പലിശയായ 809 കോടി രൂപയുമാണ് ഇനി ലഭിക്കാനുള്ളത്. സംഭവത്തില്‍ ഇഡിയും ഒരു പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: The CBI has filed a cheating case against former Reliance Capital Chairman Anil Ambani and others over alleged irregularities involving EPFO investments. The agency is probing claims that the fund suffered a loss of ₹1,816 crore after investing ₹2,500 crore in Reliance Capital's non-convertible debentures. Anil Ambani's spokesperson has denied any wrongdoing.