

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. 'എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ, അവര്‍ വിദ്യാര്‍ത്ഥികളെ പഴയ കേസുകള്‍ കുത്തിപ്പൊക്കി ടാര്‍ഗെറ്റ് ചെയ്യും' എന്നാണ് ഐഷി ഘോഷ് പറഞ്ഞത്. രാജ്യം മുഴുവന്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാല്‍ നിങ്ങളുടെ അവസ്ഥ ഇതായിരിക്കും, ജയിലിലടയ്ക്കും എന്ന് ഭയപ്പെടുത്താനാണ് നീക്കമെന്നും ഐഷി ഘോഷ് പറഞ്ഞു. തന്റെ ലൊക്കേഷന്‍ എങ്ങനെ ട്രാക്ക് ചെയ്തു എന്നതില്‍ ആശങ്കയുണ്ടെന്നും ഐഷി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഐഷിയുടെ പ്രതികരണം.
'എന്റെ ലൊക്കേഷന്‍ എങ്ങനെ ട്രാക്ക് ചെയ്തു എന്നതില്‍ ആശങ്കയുണ്ട്. കാരണം ഞാന്‍ അവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വ്യക്തിപരമായ ഒരു മീറ്റിംഗിനായാണ് എകെജി ഭവനിലെത്തിയത്. നോട്ടീസ് നല്‍കണമെങ്കില്‍ അവര്‍ എന്റെ യൂണിവേഴ്‌സിറ്റിയിലോ വീട്ടിലോ കൊടുക്കണമായിരുന്നു. പക്ഷെ അവര്‍ സിപിഐഎം ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. എന്നിട്ട് നോട്ടീസ് നല്‍കാനോ സംസാരിക്കാനോ അല്ല ശ്രമിച്ചത്. അറസ്റ്റ് വാറന്റ് ഉണ്ട്, കൂടെ വരണമെന്നാണ് അവര്‍ പറഞ്ഞത്. 31-ന് ഹാജരാകാമെന്ന് ഞാന്‍ നേരത്തെ അറിയിച്ചതാണ്. മുഴുവന്‍ രാജ്യവും ആവശ്യപ്പെട്ടതാണ് ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി. അപ്പോള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാല്‍ നിങ്ങളുടെ അവസ്ഥ ഇതായിരിക്കും ജയിലിലടക്കും എന്ന് ഭയപ്പെടുത്താനാണ് നീക്കം', ഐഷി ഘോഷ് പറഞ്ഞു.
അതേസമയം, ഐഷിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കിയിരിക്കുകായണ്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അഞ്ച് വര്‍ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു. ഐഷി നല്‍കിയ അപേക്ഷയിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് റദ്ദാക്കിക്കൊണ്ടുള്ള നടപടി. നേരത്തെ അയച്ച സമൻസില്‍ ഹാജരാകാത്തതിന് പിഴ അടക്കണമെന്നും നിർദേശമുണ്ട്.
2021ല്‍ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രില്‍ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് വാറണ്ടില്‍ സമന്‍സോ അറിയിപ്പോ നല്‍കിയിരുന്നില്ല. ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് ശേഷമാണ് കേസില്‍ വീണ്ടും നടപടിയുണ്ടാകുന്നത്.
സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച വൈകുന്നേരമാണ് സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ഡല്‍ഹി പൊലീസ് എത്തിയത്. അഞ്ച് വര്‍ഷം മുന്‍പുള്ള കേസ് കുത്തിപ്പൊക്കി സിജെപിക്കൊപ്പം നീറ്റ് ചോദ്യചോര്‍ച്ച സമരത്തിന് നേതൃത്വം നല്‍കിയ ഐഷിയെ ജയിലിലടക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്നായിരുന്നു വിമർശനം. സ്വകാര്യ വാഹനത്തില്‍ യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെയായിരുന്നു ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥ എത്തിയത്. എകെജി ഭവനില്‍ എത്തിയ ജോണ്‍ ബ്രിട്ടാസ് എംപി ഇത് ചോദ്യം ചെയ്തു. ഇതോടെ പൊലീസ് സംഘം മടങ്ങി. പൊലീസ് നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഈ സംഭവത്തിന് ശേഷമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഐഷി കോടതിയെ സമീപിച്ചത്.
Content Highlights: Former JNUSU President Aishe Ghosh alleges that authorities are raking up old legal cases to deliberately target and suppress student activists.