

ഫുട്‌ബോളില്‍ പുതിയ തുടക്കത്തിന് ലക്ഷ്യമിടുകയാണ് ഫ്രാന്‍സ്. മുന്‍ ഇതിഹാസ താരം സിനദിന്‍ സിദാനെ പരിശീലകനായി നിയമിച്ചതിന് പിന്നാലെ ഇപ്പോള്‍ ടീമിന്റെ ലോഗോയിലും മാറ്റം വരുത്തിയിരിക്കുകയാണ് ഫ്രഞ്ച്് ഫുട്‌ബോള്‍ ഫെഡറേഷന്‍. സിദാന്‍ ഫ്രഞ്ച് ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ചുമതല നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ്, ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അവരുടെ ഔദ്യോഗിക ലോഗോ ആധുനികീകരിച്ച് പുതിയ പതിപ്പ് പുറത്തിറക്കിയത്. 'നമ്മെ ഒന്നിച്ചു നിര്‍ത്തുന്ന ചിഹ്നം' എന്ന പ്രമേയത്തോടെയാണ് എഫ്എഫ്എഫ് പുതിയ ലോഗോ അവതരിപ്പിച്ചത്. പുതിയ പരിശീലകന്‍, പുതിയ യുഗം, പുതിയ ചിഹ്നം എന്ന മാറ്റത്തോടെ ഫ്രഞ്ച് ഫുട്‌ബോള്‍ ഇനി പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്.
ലോഗോ മാറ്റം എന്തിന്
പുതിയ ലോഗോയില്‍ ഫ്രാന്‍സിന്റെ ദേശീയ ചിഹ്നമായ പൂവന്‍കോഴിയുടെ ചിത്രം പഴയതിനേക്കാള്‍ കൂടുതല്‍ ഷാര്‍പ്പ് ആയും ഗാംഭീര്യമുള്ളതുമായും മാറ്റിയിട്ടുണ്ട്. നീല, വെള്ള, ചുവപ്പ് എന്നീ ഫ്രഞ്ച് പതാകയുടെ പരമ്പരാഗത നിറങ്ങളേക്കാള്‍ കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കാന്‍ ഗോള്‍ഡന്‍/മെറ്റാലിക് ഷേഡുകള്‍ നല്‍കി. അതോടൊപ്പം ഡിജിറ്റല്‍ ഫ്രണ്ട്ലി ഡിസൈന്‍ കൂടി ചെയ്താണ് പുതിയ ലോഗോ ഒരുക്കിയത്. സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍, മൊബൈല്‍ സ്‌ക്രീനുകള്‍, പുതിയ ഡിസൈനിലുള്ള ജേഴ്സികള്‍ എന്നിവയില്‍ കൂടുതല്‍ തെളിഞ്ഞുനില്‍ക്കുന്ന തരത്തിലാണ് പുതിയ ഫോണ്ട് ശൈലിയും ലോഗോയുടെ ആകൃതിയും. ലോകകപ്പ് വിജയങ്ങളുടെ ഗാംഭീര്യം കാണിക്കാനും, ഡിജിറ്റല്‍ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ ബ്രാന്‍ഡ് നെയിം കൂടുതല്‍ ആധുനികവും സ്‌റ്റൈലിഷും ആക്കാനുമാണ് ഫ്രാന്‍സ് ടീം ലോഗോ പരിഷ്‌കരിച്ചതെന്ന് പറയാം.
ഇനി സിദാന്‍ യുഗം
ഫുട്‌ബോള്‍ മൈതാനത്ത് പന്തുകൊണ്ട് മാജിക് കാണിച്ച സിദാനിലാണ് ഫ്രാന്‍സ് ടീമിന്റെ ഇനിയുള്ള പ്രതീക്ഷ. പരിശീലകനായും അദ്ദേഹം കഴിവുതെളിയിച്ചിട്ടുണ്ട്. റയല്‍ മഡ്രിഡിനെ വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാരാക്കി മാറ്റിയ ശേഷമാണ് അദ്ദേഹം പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം ദിദിയര്‍ ദെഷോം പടിയിറങ്ങിയ ഒഴിവിലേക്കാണ് ഇപ്പോള്‍ സിനദിന്‍ സിദാന്റെ നിയമനം.
content highlights: New Coach, New Logo: France National Football Team Unveils a Fresh Identity; Here's Why