

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുള്ളത് പാര്‍ട്ടിക്ക് സംഭവിച്ച കുറ്റങ്ങളാണെന്നും ഇപ്പോള്‍ നടക്കുന്നത് തെറ്റുതിരുത്തല്‍ പ്രവര്‍ത്തനമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
മനുഷ്യരുടെ പാര്‍ട്ടിയാണ് സിപിഐഎം. തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ? തെറ്റ് സംഭവിച്ചാല്‍ തിരുത്തുകയെന്നതാണ് രീതി. ശരിയായ വഴിയിലേക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കും എന്നും ഇ പി ജയരാജന്‍ പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കേണ്ട കാര്യമില്ല. വ്യക്തിഗതമായി പിശക് സംഭവിച്ചെങ്കില്‍ അവര്‍ ഘടകങ്ങളില്‍ ഏറ്റുപറയും. ശേഷം അവര്‍ തെറ്റ് തിരുത്തും. അതാണ് പാര്‍ട്ടി രീതി. എല്ലാവരും തെറ്റ് തിരുത്തും. അത് മാധ്യമങ്ങളെ അറിയിക്കുന്ന പതിവ് ഇല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണമുണ്ടായിരുന്നില്ലെന്ന് തുറന്നുസമ്മതിക്കുന്നതായിരുന്നു സിപിഐഎം കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട്. നേരത്തെ പാര്‍ട്ടിക്ക് കേരളത്തില്‍ ഭരണമുണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും പാര്‍ട്ടി ഉപസമിതിയെ വെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ അതുണ്ടായില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
നേതാക്കള്‍ക്ക് പൊതുവേദികളില്‍ ജാഗ്രത കുറവ് ഉണ്ടായി. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനം ഇല്ലാത്തത് തോല്‍വിക്ക് കാരണമായി. അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഢംബര ജീവിതശൈലി എന്നിങ്ങനെയുള്ള മോശം പ്രവണത ചില നേതാക്കളിലുണ്ടായി. ഇത് സമയത്ത് തിരുത്താത്തതിനാല്‍ പാര്‍ട്ടിയിലുള്ള ജനവിശ്വാസം നഷ്ടമായി എന്നും അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: CPIM Central Committee member E P Jayarajan has responded to the party's Central Committee review report assessing the reasons behind the Assembly election defeat. His remarks come amid ongoing discussions within the party over the report's findings