

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച മൂന്ന് വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾ അധികൃതർ പൂട്ടി. വാട്ടർ ടാങ്കറുകൾ വഴിയുള്ള കുടിവെള്ള വിതരണത്തിൽ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി അധികൃതർ നടത്തുന്ന കർശന പരിശോധനകൾക്കിടെയാണ് ഈ നടപടി. പരിശോധനയിൽ ചെറുതും വലുതുമായ 490 നിയമലംഘനങ്ങളാണ് വിവിധയിടങ്ങളിലായി കണ്ടെത്തിയത്.
സൗദി വാട്ടർ അതോറിറ്റി, ട്രാഫിക് വിഭാഗം, ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവർ സംയുക്തമായിട്ടാണ് പരിശോധന സംഘടിപ്പിച്ചത്. റമാൽ, നർഗീസ്, തുവൈഖ്, മൻഫൂഅ, യമാമ, ആരിദ് തുടങ്ങിയ പ്രധാന മേഖലകളിലെ ഫില്ലിങ് കേന്ദ്രങ്ങളിലും വിതരണത്തിനെത്തിയ ടാങ്കറുകളിലുമായിരുന്നു ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന.
ആവശ്യമായ ഔദ്യോഗിക ലൈസൻസുകളില്ലാതെ സർവീസ് നടത്തിയ 275 വാട്ടർ ടാങ്കറുകൾക്കെതിരെയും ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിച്ച 217 വാഹനങ്ങൾക്കെതിരെയും കശന നടപടികൾ സ്വീകരിച്ചു. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് സൗദി വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജലവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ആവശ്യമായ ലൈസൻസുകൾ സ്വന്തമാക്കുകയും സർക്കാറിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ ആവർത്തിച്ചു.
Content Highlights: Authorities in Riyadh have shut down water filling centres that failed to meet required standards. Inspections have been strengthened to monitor compliance, ensure water safety, and protect public health.