

ലഖ്‌നൗ: അയോധ്യ സംഭാവന തട്ടിപ്പിന് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി ജഗദീഷ് അഫാലെയെ തെരഞ്ഞെടുത്തു. ഐഐടി ബോംബെയിലെ പൂർവ വിദ്യാർത്ഥിയായ അഫാലെ രാമക്ഷേത്ര നിർമാണത്തിന്റെ മേൽനോട്ടം വഹിച്ച എഞ്ചിനീയറുമാണ്. സെപ്റ്റംബർ രണ്ടിന് ചേരുന്ന യോഗത്തിൽ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പിനായി ഇടക്കാല ജനറൽ സെക്രട്ടറി കൃഷ്ണ മോഹനൊപ്പം ജോയിന്റ് സിഗ്നേറ്ററിയായും അഫാലെയെയാണ് തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ പുറത്തുവന്നതോടെയാണ് കൂടുതൽ ഉത്തരവാദിത്തത്തോടെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകാനുള്ള നടപടികൾ ആരംഭിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലകൾ ഇനി സെക്രട്ടറിക്കായിരിക്കും.
ബാങ്കിങ് ഇടപാടുകൾ നടപ്പാക്കാനായി തെരഞ്ഞെടുത്ത ജോയിന്റ് സിഗ്നേറ്ററികൾ താനും അഫാലെയുമായിരിക്കുമെന്നും ഇക്കാര്യം ട്രസ്റ്റ് അംഗങ്ങൾ ഐക്യകണ്‌ഠേനെ അംഗീകരിച്ചെന്നും ഇടക്കാല ജനറൽ സെക്രട്ടറി കൃഷ്ണ മോഹൻ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലകൾ ഇനി സെക്രട്ടറിക്കായിരിക്കും. ഭാരവാഹിയായി പ്രവർത്തിക്കുമെങ്കിലും അഫാലെ ട്രസ്റ്റിൽ അംഗമായിരിക്കില്ല. ഭരണപരമായ പുതിയ മാറ്റങ്ങളുടെ ഭാഗമായാണ് ആദ്യമായി സെക്രട്ടറി പോസ്റ്റ് സജ്ജീകരിച്ചിരിക്കുന്നത്.
ട്രസ്റ്റിന്റെ നിയമം അനുസരിച്ച്, ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ബോർഡ് നിയമിച്ച രണ്ട് വ്യക്തികൾ വേണമെന്നതാണ് രീതി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട പബ്ലിക്ക് സെക്ടർ ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ട്രസ്റ്റിന്റെ ഭരണഘടനയിൽ മാറ്റം വരുത്താതെ അഫാലെയെ സിഗ്നേറ്ററിയായി അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.
രാമക്ഷേത്ര നിർമാണ പദ്ധതിയുടെ പ്രോജക്ട് എഞ്ചിനീയറായി ഏകദേശം നാലുവർഷത്തോളം മേൽനോട്ടം വഹിച്ച അഫാലെ ബോർഡിനെ സഹായിക്കാനുള്ള എക്‌റ്റേണൽ എക്‌സ്‌പേർട്ടായും പ്രവർത്തിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ട്രസ്റ്റിന്റെ ആഭ്യന്തരരകാര്യങ്ങളിൽ അഫാലെ സജീവമാണ്. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, അംഗമായ അനിൽ മിശ്ര എന്നിവരുടെ രാജിയ്ക്ക് ശേഷം ജൂലായ് ആറിന് നടന്ന യോഗത്തിലാണ് അഫാലെയുടെ പേര് നിർദേശിക്കപ്പെട്ടത്.
Content Highlights: Jagdish Aphale has been appointed as the first secretary of the Ram Temple Trust after the Ayodhya donation row. The appointment marks a key administrative development for the trust overseeing the Ram Temple.