

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മെറ്റ. പ്രധാനമന്ത്രിയുടെ അക്കൗണ്ടിന് കൂടുതല്‍ മേല്‍നോട്ടമുണ്ടാകുമെന്ന് മെറ്റ അറിയിച്ചു. പ്രധാനമന്ത്രിയുടെയും വിഐപികളുടെയും പോസ്റ്റുകളില്‍ പരാതി ലഭിച്ചാല്‍ നടപടി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം പരിശോധനകള്‍ക്ക് ശേഷമായിരിക്കും എന്നാണ് മെറ്റ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്. അതേസമയം പോസ്റ്റ് നീക്കിയത് സാങ്കേതിക പിഴവാണെന്ന മെറ്റയുടെ വാദം കേന്ദ്ര ഐടി മന്ത്രാലയം തളളിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ നേരത്തെ ഖേദം രേഖപ്പെടുത്തിയിരുന്നു. സാങ്കേതിക പ്രശ്നം ആയിരുന്നുവെന്നാണ് മെറ്റ വിശദീകരണം നല്‍കിയത്. വീഡിയോ ഇതിനോടകം വീണ്ടും പബ്ലിക് ആക്കിയിട്ടുണ്ടെന്നും മെറ്റ അറിയിച്ചു. യുവാക്കളെ അഭിസംബോധന ചെയ്ത് മോദി ആദ്യം ഇറക്കിയ വീഡിയോ ആണ് മെറ്റ ഹ്രസ്വനേരത്തേക്ക് നീക്കം ചെയ്തിരുന്നത്. എന്നാല്‍ ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണോ മെറ്റ ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് കടന്നതെന്നാണ് ബിജെപി സംശയം ഉയർത്തിയത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത വീഡിയോ നീക്കം ചെയ്യപ്പെട്ടത് എന്ത് സാങ്കേതിക പ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് കേന്ദ്രം ചോദിച്ചത്.
സിജെപി സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രചാരണം നടത്തുകയും അത് ബിജെപിക്ക് വലിയ തിരിച്ചടി ആകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രിമാരോടും നേതാക്കളോടും ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാന്‍ മോദി തന്നെ നിര്‍ദേശിച്ചിരുന്നു. സമരത്തിനിടയില്‍ നരേന്ദ്ര മോദി മൂന്ന് ഇന്‍സ്റ്റഗ്രാം വീഡിയോകളാണ് പങ്കുവെച്ചത്. ഇതില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ കുറിച്ചുള്ള ആദ്യ വീഡിയോയായിരുന്നു ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇ20 പെട്രോളിനെതിരെയും പ്രതിഷേധങ്ങളും സമൂഹമാധ്യമ ക്യാമ്പയിനുകളും ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റഗ്രാമിലടക്കം കൂടുതല്‍ സജീവമാകാനാണ് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും തീരുമാനം.
Content Highlights: Meta writes to the Union Government regarding the removal of PM Modi's video, assuring that it will be more careful and maintain strict moderation oversight.