

ക്രിക്കറ്റിനോട് ബൈ പറഞ്ഞ് അജിന്‍ക്യ രഹാനെ. അദ്ദേഹം തന്നെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റ് മത്സരങ്ങളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 38-കാരനായ രഹാനെ ഈവര്‍ഷം നടന്ന ഐപിഎലിലാണ് അവസാനമായി കളിച്ചത്. അടുത്തിടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, 17 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിന് ഒടുവില്‍ അദ്ദേഹം തിരശ്ശീലയിടുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 31 പന്തില്‍ 69 റണ്‍സ് അടിച്ചെടുത്താണ് രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ഡര്‍ഹാമില്‍ നടന്ന ഏകദിനത്തിലും 44 പന്തില്‍ 40 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എങ്കിലും ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കാന്‍ അദ്ദേഹത്തിന് രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2013-ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഡല്‍ഹിയില്‍ നടന്ന നാലാം ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. എന്നാല്‍ ആ മത്സരത്തില്‍ തിളങ്ങാനായില്ല. പിന്നീട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ലായി മാറാന്‍ രഹാനെയ്ക്ക് സാധിച്ചു. 85 ടെസ്റ്റുകളില്‍ നിന്ന് 5077 റണ്‍സാണ് അദ്ദേഹം നേടിയത്. 90 ഏകദിനങ്ങളില്‍ നിന്ന് 2962 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു രഹാനെ തന്റെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തത്.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിരമിക്കലിന് ശേഷം ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, രഹാനെ എന്നിവരടങ്ങിയ പുതിയ ബാറ്റിങ് നിര ഇന്ത്യയ്ക്ക് മികച്ച കൂട്ടുകെട്ടായി മാറിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലായിരുന്നു രഹാനെയുടെ തുടക്കം. ന്യൂസീലാന്‍ഡ്, ഇംഗ്ലണ്ട്, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ ഒരേ വര്‍ഷം നേടിയ ടെസ്റ്റ് സെഞ്ചുറികള്‍ അദ്ദേഹത്തെ മികച്ച ബാറ്ററാക്കി മാറ്റി.
പിന്നീട് മോശം ഫോമിനെ തുടര്‍ന്ന് രഹാനെയെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2023-ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ശക്തമായി തിരിച്ചെത്തിയെങ്കിലും ആ തിരിച്ചുവരവിന് മൂന്ന് മത്സരങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2023 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടന്ന ടെസ്റ്റ് മത്സരമാണ് ഇന്ത്യയ്ക്കായി അദ്ദേഹത്തിന്റെ അവസാന പോരാട്ടം. പിന്നീട് ഐപിഎലിലും കാര്യമായി തിളങ്ങാനായില്ല. അവസാനം കൊല്‍ക്കത്തയ്ക്കുവേണ്ടിയാണ് കളിച്ചിരുന്നത്.
content highlights: Ajinkya Rahane Announces Retirement from International Cricket