'സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്'; മുഖ്യമന്ത്രി

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

'സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്'; മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കള്‍ എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം' എന്ന പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനം കടുത്തത്. എന്നാല്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വി ഡി സതീശൻ നല്‍കിയ വിശദീകരണം.

അതേസമയം, പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും ഖജനാവിലെ നഷ്ടം നികത്താനും പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ വരുത്താനാണ് സർക്കാർ തീരുമാനം. അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള ഏകീകരിക്കൽ, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കാരം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ നടപടികൾ ലളിതവൽക്കരിക്കാനാണ് ശ്രമം. സെക്രട്ടറിമാരെ ഉൾപ്പെടുത്തി എംപവേർഡ് കമ്മിറ്റി രൂപികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണത്തിന് സൗജന്യ ഓണക്കിറ്റ് നൽകുമെന്നും വിപണിയിലെ വിലക്കയറ്റം തടയാൻ ജാഗ്രതയോടെ ഇടപെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എം ആർ അജിത് കുമാറിൻ്റെ കേസ് സമചിത്തതയോടെ കൈകാര്യം ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് നടപടി എടുത്തത്. ചില മാധ്യമങ്ങൾ അജിത്തിനെ രക്ഷപ്പെടുത്തുന്നതായി പ്രചരിപ്പിച്ചു. മാധ്യമങ്ങൾ പറയുന്നതിന് അനുസരിച്ച് നടപടി എടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കേന്ദ്ര ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളുമായും സംസാരിക്കുമെന്നും അതിനുശേഷം മാത്രമേ തുടർതീരുമാനങ്ങളിലേക്ക് കടക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. ബ്രഹ്മോസ് എയറോസ്‌പേസ് പ്രോജക്ടിന് നൽകാൻ ബാക്കിയുള്ള 90 ഏക്കർ ഭൂമി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Chief Minister V D Satheesan has responded to criticism over his comments related to cooking

dot image
To advertise here,contact us
dot image