

ന്യൂഡൽഹി: മുതിർന്ന കർഷക നേതാവ് രാകേഷ് ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തി കോക്രാച്ച് ജനത പാർട്ടി നേതാക്കൾ. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കർഷകർ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർ അടങ്ങുന്ന സംയുക്ത മുന്നണിയുണ്ടാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ട്. വിദ്യാഭ്യാസ സംബന്ധമായ വിഷങ്ങൾക്ക് പുറമേ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സിജെപി നേതാക്കളുടെ നീക്കമെന്നാണ് വിലയിരുത്തൽ. അതേസമയം ഡൽഹിയിൽ നടന്ന കർഷക കൺവെൻഷനിൽ സിജെപി പ്രതിനിധികൾ ടിക്കായത്തിനും മറ്റ് കർഷകനേതാക്കൾക്കും ഒപ്പം വേദി പങ്കിടുകയും ചെയ്തു.
സിജെപി വക്താവ് അശുതോഷ് റാങ്കേയും മറ്റ് നേതാക്കളുമാണ് ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങളുമായി ചർച്ച നടത്തിയത്. കർഷകരെയും യുവാക്കളെയും വിദ്യാർത്ഥികളെയും ഒരു സംഘടനയ്ക്ക് കീഴിൽ കൊണ്ടുവരികയെന്ന ഭാവി പദ്ധതികളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. എല്ലാ വശങ്ങളിൽ നിന്നും മോദി സർക്കാരിനെ വളയാൻ ഈ രാജ്യത്തെ യുവാക്കളും കർഷക സഹോദരന്മാരും വിദ്യാർത്ഥികളും ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യോഗത്തിന് ശേഷം അശുതോഷ് റാങ്കേ പ്രതികരിച്ചു.
അതിനിടയിൽ കേന്ദ്രവും ചില സംസ്ഥാന സർക്കാരുകളും തങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് സിജെപി ആരോപിച്ചു. പല സംസ്ഥാനങ്ങളിലും പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നടപടികൾ നേരിടുന്നുണ്ട്. ബിഹാറിലും പശ്ചിമബംഗാളിലും പ്രതിഷേധക്കാർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ പല വിദ്യാർത്ഥികൾക്കും എതിരെ എഫ്‌ഐആറുകൾ ഫയർ ചെയ്തിട്ടുണ്ടെന്നും സിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥികൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ടിക്കായത്തിന്റെ പിന്തുണ സിജെപി നേതാക്കൾ തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷക സംഘടനകളുടെയും യുവജന സംഘടനകളുടെയും പിന്തുണയോടെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.
സിജെപി പ്രതിഷേധം നടന്ന കാലയളവിൽ പലതവണ ജന്തർ മന്തറിലെത്തി ടിക്കായത്ത് യുവാക്കൾക്ക് പിന്തുണ അറിയിച്ചിരുന്നു.
Content Highlights: CJP leaders shared the stage with farmer leader Rakesh Tikait during a public event. The appearance highlighted coordination between the organisation and farmer leaders, drawing attention to their joint participation