സ്വന്തം വെള്ളരിക്ക കൃഷിക്ക് സബ്‌സിഡി വാങ്ങി; 99 ലക്ഷം തിരിച്ചടച്ച് കേന്ദ്രമന്ത്രി

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താൻ കുട്ടിക്കാലം മുതൽ കർഷകനാണെന്നും മറ്റ് അർഹതയുള്ള കർഷകരെ പോലെയാണ് താനും സബ്‌സിഡി ഉപയോഗപ്പെടുത്തിയതെന്നുമാണ് ഭഗീരഥ് ചൗധരി പ്രതികരിച്ചത്

സ്വന്തം വെള്ളരിക്ക കൃഷിക്ക് സബ്‌സിഡി വാങ്ങി; 99 ലക്ഷം തിരിച്ചടച്ച് കേന്ദ്രമന്ത്രി
dot image

ന്യൂഡൽഹി: സ്വന്തം മന്ത്രാലയത്തിൽ നിന്നും 'സ്വന്തം' വെള്ളരിക്ക കൃഷിക്കായി വാങ്ങിയ സബ്‌സിഡി തുക തിരിച്ചടച്ച് കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി. ചൊവ്വാഴ്ച ലോക്‌സഭയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് മറ്റൊരു കൃഷി സഹമന്ത്രിയായ രാംനാഥ് താക്കൂറാണ് മറുപടി പറഞ്ഞത്. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള എംപിയാണ് ഭഗീരഥ് ചൗധരി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യവാദം.

സ്‌കീമുമായി ബന്ധപ്പെട്ട ബാങ്കിൽ ചൗധരി പണം തിരികെ അടച്ചെന്ന് അറിയിച്ചിട്ടുണ്ടെന്നും, സബ്‌സിഡി തുക തിരികെ നാഷണൽ ഹോർട്ടികൾച്ചർ ബോർഡി(എൻഎച്ച്ബി)ലേക്ക് മടക്കാൻ ബാങ്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് മന്ത്രി വിശദീകരിച്ചത്. 99.6ലക്ഷം രൂപയാണ് മന്ത്രി തിരിച്ചടച്ചത്. ചൗധരിക്ക് പുറമേ രാജസ്ഥാനിലെ ജാലോറിൽ നിന്നുള്ള ബിജെപി എംപി ലുംബാരം ചൗധരിയും കഴിഞ്ഞ അഞ്ച് വർഷമായി നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് പദ്ധതിയുടെ കീഴിലുള്ള സാമ്പത്തിക സഹായം കൈപ്പറ്റുന്നുണ്ടായിരുന്നുവെന്ന് താക്കൂർ സഭയെ അറിയിച്ചിട്ടുണ്ട്.

ഭഗീരഥ് ചൗധരിയുടെ 16,592 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് വെള്ളരിക്കാ കൃഷി ചെയ്യുന്നത്. 2025ലെ കേന്ദ്ര പദ്ധതിക്ക് കീഴിൽ എൻഎച്ച്ബി അംഗീകരിച്ച 467 പദ്ധതികളിൽ ഒന്നാണിത്. കഴിഞ്ഞമാസം ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന റിപ്പോർട്ടിലാണ് 99ലക്ഷം സബ്‌സിഡിയായി വാങ്ങിയെന്ന ആരോപണം മന്ത്രിക്കെതിരെ ആദ്യം ഉയർന്നത്. വിവാദം കനത്തതോടെ താൻ കുട്ടിക്കാലം മുതൽ കർഷകനാണെന്നും മറ്റ് അർഹതയുള്ള കർഷകരെ പോലെയാണ് താനും സബ്‌സിഡി ഉപയോഗപ്പെടുത്തിയതെന്നുമാണ് പിന്നീട് ഭഗീരഥ് ചൗധരി പ്രതികരിച്ചത്.

'ഒന്നും മറച്ച് വച്ചിട്ടില്ല. ആയിരക്കണക്കിന് കർഷകർ പോളിഹൗസുകൾ സ്ഥാപിക്കുന്നു. അവർ സബ്‌സിഡി ഉപയോഗപ്പടുത്തുന്നു. അതുപോലെ ഞാനും ചെയ്തു. 2018ലാണ് ഇതിനായി അപേക്ഷിച്ചത്. ലോണുകളെയും സബ്‌സിഡികളെയും കുറിച്ച് പരാമർശിക്കുന്ന ബോർഡും അവിടെ സ്ഥാപിച്ചിരുന്നു. കർഷകരെ കൃഷിയെ കുറിച്ചും പുതിയ രീതികളെ കുറിച്ചും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശവാസികൾ അവിടം സന്ദർശിക്കുകയും പതിവായിരുന്നു. പിന്നെ ഞാൻ എന്താണ് മറച്ചുവച്ചത്'- എന്നാണ് ഭഗീരഥ് ചൗധരിയുടെ പ്രതികരണം.

Content Highlights: A Union minister has repaid ₹99 lakh after receiving a subsidy for a personal cucumber farming project. The repayment follows attention over the subsidy claim, bringing the matter into public focus. The development has sparked discussion over the use of agricultural subsidy schemes.

dot image
To advertise here,contact us
dot image