

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരായ പ്രതിപക്ഷ നീക്കത്തിനിടയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള നിയമഭേദതി ബിൽ ലോക്‌സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍. ബില്ലില്‍ ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് പൊലീസ് അതിക്രമത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പ്രതിപക്ഷ ബഹളത്തില്‍ പാര്‍മെന്റിന്റെ ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവെച്ചു.
പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് അതിക്രൂരമായി നേരിട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെയാണ് ലോക്‌സഭയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള നിയമഭേദഗതി ബിൽ കേന്ദ്ര പേഴ്‌സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് അവതരിപ്പിച്ചത്.
ബില്ലില്‍ ചര്‍ച്ച തുടങ്ങാന്‍ സ്പീക്കര്‍ ഓംബിര്‍ള ക്ഷണിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവെക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ റോഡിലൂടെ വലിച്ചിഴച്ച് തല്ലിച്ചതക്കുകയാണ് പൊലീസ് ചെയ്തതെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ജോണ്‍ ബ്രിട്ടാസും ആഞ്ഞടിച്ചു.
അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. ഇ20 ജനത പാര്‍ട്ടി എന്ന പേരില്‍ സമൂഹ മാധ്യമ കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. എക്സിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ടുകള്‍ തുടങ്ങി. ഇതിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെങ്കിലും ഇ20 പെട്രോള്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള അവകാശത്തിനായി പോരാട്ടം എന്നാണ് ഇജെപിയുടെ മുദ്രാവാക്യം. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ കാരണം വാഹനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രതിഷേധങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകളാണ് ഇജെപി പങ്കുവെക്കുന്നത്.
Content Highlights: The government has introduced the anti-paper leak amendment bill in the Lok Sabha