

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി ഡി സതീശന് എതിരെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്.
മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് പരാതി. ഐക്യകണ്ഠേനെയാണ് മുഖ്യമന്ത്രിക്ക് എതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിക്ക് എതിരെ മഹിളാ കോണ്‍ഗ്രസിന്റെ കടുത്ത അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് കെപിസിസി ആസ്ഥാനത്ത് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്.
മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രി ഒരു ആവശ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ പോയിരുന്നു. എന്നാല്‍ അവിടെ വെച്ച് പരസ്യമായി അപമാനിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഈ സമീപനം ശരിയല്ല എന്നതാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിനെതിരെ പലതവണ സമരം ചെയ്ത് യുഡിഎഫ് സര്‍ക്കാര്‍ വരുന്നതിനായി ആത്മാര്‍ത്ഥമായി സംഘടനാ പ്രവര്‍ത്തനം നടത്തിയ തങ്ങളോടുള്ള സമീപനം അപലപനീയമാണെന്ന് മഹിളാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. കെപിസിസി അധ്യക്ഷനും പ്രമേയം കൈമാറാന്‍ തീരുമാനമുണ്ട്.
മുന്‍പ് ഗവണ്‍മെന്റ് പ്ലീഡര്‍മാരായി ആര്‍എസ്എസ്-എസ്എഫ്‌ഐ പശ്ചാത്തലമുള്ളവരെ നിയമിക്കുന്നു എന്ന ആരോപണവുമായി ലോയേഴ്‌സ് കോണ്‍ഗ്രസും കെഎസ്‌യുവും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. പല തവണ ഇരു സംഘടനകളും വി ഡി സതീശനെതിരെ പരസ്യ നിലപാടെടുത്തതും കെഎസ്‌യു അധ്യക്ഷന് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചതും വിവാദമായിരുന്നു. ഈ വിവാദം പൂർണമായി കെട്ടടങ്ങുന്നതിന് മുമ്പാണ് മുഖ്യമന്ത്രിക്കെതിരെ സംഘടനാ കമ്മിറ്റിയില്‍ തന്നെ പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: The Mahila Congress has adopted a resolution expressing strong criticism of VD Satheesan during its state committee meeting. The resolution calls for greater accountability to the party leadership and highlights concerns over his reported approach towards party workers and Mahila Congress leaders.