

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഡല്‍ഹി പൊലീസിന്റെ ആക്രമണത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാതെ സുപ്രീം കോടതി. 'ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്' എന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഹര്‍ജി തള്ളിയത്. വിഷയം ഉന്നയിച്ച അഭിഭാഷകനായ നരേന്ദ്ര മിശ്രയോടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നതെന്ന് നരേന്ദ്ര മിശ്ര കോടതിയില്‍ പറഞ്ഞു. എന്നാല്‍ വളരെ നന്ദി എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഇതിന് നല്‍കിയ മറുപടി. പൊലീസ് നടപടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അഭിഭാഷകന്‍ വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ തങ്ങള്‍ക്ക് വീഡിയോയില്‍ താല്‍പര്യമില്ലെന്നും അത് കാണാന്‍ സമയമില്ലെന്നും കോടതി പറയുകയായിരുന്നു.
അതേസമയം, സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ ആറ് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരിച്ചറിയാത്ത ആളുകളുടെ പേരിലാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ കണ്ടെത്താന്‍ പൊലീസ് സിസിടിവി ക്യാമറ പരിശോധിക്കുന്നു എന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം നടത്തുന്നുണ്ട്. പതിനായിരക്കണക്കിന് വിദ്യാർത്തികള്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തു എന്നാണ് കണക്ക്.
എന്നാൽ ഡല്‍ഹിയില്‍ തുടരുന്ന പ്രതിഷേധങ്ങളില്‍ സമവായം കാണാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജെ പി നദ്ദ പരുക്കേറ്റവരെ കണ്ടത് അനുനയ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ജിതേന്ദ്ര സിംഗ് സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ചത് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നും വിവരമുണ്ട്. പ്രതിഷേധങ്ങളില്‍ ബിജെപിക്ക് ആശങ്ക ഉണ്ടെന്നാണ് സൂചന. ഇന്നലെ കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ സമരം ആപ്രതീക്ഷിതമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും വിലയിരുത്തുന്നുണ്ട്.
Content Highlights: The Supreme Court rejected an urgent plea related to the alleged police action at Jantar Mantar, asking the petitioners not to waste the court's time.