ട്രംപിന്റെ 200% താരിഫ് പ്രഖ്യാപനം; തകർന്നടിഞ്ഞ് ഇന്ത്യൻ ഫാർമ ഓഹരികൾ, കമ്പനികൾക്ക് കനത്ത തിരിച്ചടി

ഇന്ത്യൻ ഫാർമ കമ്പനികളുടെ വരുമാനത്തിൽ അമേരിക്കയ്ക്ക് നിർണായക പങ്കുണ്ട്

ട്രംപിന്റെ 200%  താരിഫ് പ്രഖ്യാപനം; തകർന്നടിഞ്ഞ് ഇന്ത്യൻ ഫാർമ ഓഹരികൾ, കമ്പനികൾക്ക് കനത്ത തിരിച്ചടി
dot image

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി വൻതോതിൽ നികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ഫാർമ ഓഹരികൾക്ക് കനത്ത തിരിച്ചടി. നിഫ്റ്റി ഫാർമ സൂചിക ഏകദേശം 2 ശതമാനം ഇടിഞ്ഞ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട സെക്ടറൽ സൂചികകളിലൊന്നായി മാറി. അമേരിക്കൻ വിപണിയിൽ വലിയ സാന്നിധ്യമുള്ള ഇന്ത്യൻ മരുന്ന് കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവും ശക്തമായ വില്പനാ സമ്മർദ്ദം പ്രകടമായത്.

സൺ ഫാർമ, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഔറോബിന്ദോ ഫാർമ, ലുപിൻ, സൈഡസ് ലൈഫ്‌സയൻസസ്, ഗ്ലെൻമാർക്ക് ഫാർമ, ബയോകോൺ, അൽക്കെം ലബോറട്ടറീസ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്, ഡിവീസ് ലബോറട്ടറീസ് എന്നിവയുടെ ഓഹരികൾ 2 മുതൽ 4 ശതമാനം വരെ ഇടിഞ്ഞു. അതേസമയം സൺ ഫാർമ, സിപ്ല, ഡോ. റെഡ്ഡീസ് എന്നിവ നിഫ്റ്റി 50 സൂചികയിലെ ഏറ്റവും അധികം നഷ്ടം രേഖപ്പെടുത്തിയ ഓഹരികളായും മാറി.

ട്രംപിന്റെ പ്രഖ്യാപനപ്രകാരം വിദേശരാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് 2028 ഓഗസ്റ്റ് 1 മുതൽ 100 ശതമാനം താരിഫ് ഏർപ്പെടുത്തും എന്നാണ് . തുടർന്ന് ഒരു വർഷത്തിനകം ഇത് 200 ശതമാനമായി ഉയർത്തും. അമേരിക്കയിൽ തന്നെ കൂടുതൽ മരുന്ന് നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ രണ്ട് വർഷത്തിലേറെ സമയം നൽകുന്നതിനാൽ കമ്പനികൾക്ക് അമേരിക്കയിൽ നിർമ്മാണ സൗകര്യങ്ങൾ വികസിപ്പിക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഫാർമ കമ്പനികളുടെ വരുമാനത്തിൽ അമേരിക്കയ്ക്ക് നിർണായക പങ്കുണ്ട്. ഇന്ത്യയുടെ മൊത്തം ഫാർമ കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്ന് അമേരിക്കൻ വിപണിയിലേക്കാണ് പോകുന്നത്. സൺ ഫാർമ, ഡോ. റെഡ്ഡീസ്, സിപ്ല, ഔറോബിന്ദോ, ലുപിൻ, സൈഡസ്, ഗ്ലെൻമാർക്ക് തുടങ്ങിയ കമ്പനികൾക്ക് അമേരിക്കയിൽ നിന്നുള്ള വരുമാനം വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ പുതിയ താരിഫ് പ്രഖ്യാപനം നടപ്പായാൽ കമ്പനികളുടെ കയറ്റുമതി ചെലവ് ഉയരാനും ലാഭവിഹിതം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കയാണ് നിക്ഷേപകരെ വിൽപ്പനയിലേക്ക് നയിച്ചത്.

എന്നാൽ എല്ലാ പ്രത്യാഘാതങ്ങളും ഉടൻ പ്രകടമാകില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നടപടി പ്രാബല്യത്തിൽ വരാൻ ഇനിയും വർഷങ്ങളുള്ളതിനാൽ കമ്പനികൾക്ക് അമേരിക്കയിൽ ഉൽപ്പാദനം വർധിപ്പിക്കുകയോ വിതരണ ശൃംഖല പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്ന തന്ത്രങ്ങൾ സ്വീകരിക്കാൻ സമയം ലഭിക്കും. എന്നിരുന്നാലും ട്രംപിന്റെ പ്രഖ്യാപനം ഹ്രസ്വകാലത്ത് ഇന്ത്യൻ ഫാർമ ഓഹരികളിൽ ശക്തമായ വിൽപ്പന സമ്മർദ്ദത്തിനും നിക്ഷേപകരുടെ ആശങ്ക വർധിക്കാനും കാരണമായിട്ടുണ്ട്.

Content Highlights: Nifty Pharma crashes nearly 2%; Cipla, Dr Reddy's among top Nifty losers after Trump's tariff plan

dot image
To advertise here,contact us
dot image