

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരത് പവാറും മകള്‍ സുപ്രിയ സുലെ എംപിയും. ശരത് പവാര്‍ വിഭാഗം എന്‍സിപി എന്‍ഡിഎയിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ജലസേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും പവാര്‍ മോദിക്ക് നിവേദനം നല്‍കിയെന്നാണ് വിവരം. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് സംവേദനക്ഷമതയോടെ പ്രതികരിക്കണമെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ശരത് പവാര്‍ നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. നീറ്റുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ജന്തര്‍ മന്തറിലെത്തി കണ്ട് പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെയാണ് ശരത് പവാറും സുപ്രിയ സുലെയും പ്രധാനമന്ത്രിയെ കണ്ടത്.
എന്നാല്‍, മോദിയുമായുളള കൂടിക്കാഴ്ച എന്‍സിപി എന്‍ഡിഎയുമായി ലയിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എന്നതും ശ്രദ്ധേയമാണ്. എന്‍സിപി(എസ്പി) നേതാവ് ജയന്ത് പാട്ടീല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ശരത് പവാറിന്റെ പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുകയോ എന്‍സിപി അജിത് പവാര്‍ പക്ഷവുമായി ലയിക്കുകയോ ചെയ്‌തേക്കുമെന്ന തരത്തില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. അതിനിടെയാണ് ശരത് പവാര്‍ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ എന്‍ഡിഎയില്‍ ചേരുന്നതിനെക്കുറിച്ചും എന്‍സിപി അജിത് പവാര്‍ വിഭാഗവുമായി ലയിക്കുന്നതിനെക്കുറിച്ചും ഉയരുന്ന അഭ്യൂഹങ്ങള്‍ സുപ്രിയ സുലെ നിഷേധിച്ചിരുന്നു.
Content Highlights: Amid intense speculation about joining the NDA, NCP (SP) chief Sharad Pawar and MP Supriya Sule held a key meeting with Prime Minister Narendra Modi in Parliament.