

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം രാജ്യത്തിന്റെ പുരോഗതിക്കായി കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു മാസത്തിന്റെ ഇടവേളയില്‍ രാജ്യം ധാരാളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇതില്‍ ദേശീയ- അന്തര്‍ ദേശീയ നേട്ടങ്ങളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഒരു ഇന്ത്യന്‍ വംശജന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. രാജ്യത്തെ യുവാക്കളുടെ പ്രയത്‌നത്തില്‍ നിന്നുള്ള സംരംഭം ഇന്നലെ ബഹിരാകാശത്ത് ഇന്ത്യന്‍ പതാക നാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി ബഹിരാകാശത്തെത്തിയ മലയാളി അനില്‍ മേനോനും രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം വണ്ണിനുമായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇവര്‍ ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനത്തെ ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ യുവതയാണ് ഇനി രാജ്യത്തെ നയിക്കാന്‍ പോകുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം രാജ്യത്തിന് സമര്‍പ്പിച്ച രാജസ്ഥാനിലെ എണ്ണ ശുദ്ധീകരണ ശാലയുടെ നേട്ടങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു സെമികണ്ടക്റ്റര്‍ പ്ലാന്റും സ്ഥാപിക്കപ്പെട്ടു. ലോകത്തില്‍ വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രം കൈവരിക്കാന്‍ കഴിഞ്ഞ ഹൈഡ്രജന്‍ ട്രയിനും രാജ്യത്ത് ഓടിത്തുടങ്ങി. രജ്യത്തിലെ ശാസ്ത്രജ്ഞര്‍, എഞ്ചിനിയര്‍മാര്‍, സംരഭകര്‍, തൊഴിലാളികള്‍, ഇവരെല്ലാം രാജ്യത്തിന്റെ പുരോഗതി എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി മാത്രം ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് രാജ്യത്തിന്റെ വിജയങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പരാമര്‍ശമുണ്ടായി. യുദ്ധം മൂലം ഊര്‍ജ്ജമേഖലയില്‍ രാജ്യത്തിന് പ്രതിസന്ധിയുണ്ടാകുന്നുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി, വളം, മിനറല്‍സ് മേഖലകളില്‍ പ്രതിസന്ധിയുണ്ടായി. എന്നിട്ടും ലോക സമ്പത്ത് വ്യവസ്ഥയില്‍ 7.7 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യം വേഗം കൈവരിച്ചെന്നും ആ വേഗതയ്ക്ക് ഇന്ധനം പകരുന്നതാകണം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനമെന്നും അദ്ദേഹം ആശംസിച്ചു.
പാര്‍ലമെന്റില്‍ ധാരാളം അനുഭവ സമ്പന്നരായ അംഗങ്ങളുണ്ട്. അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലായാലും അവരുടെ അറിവും അനുഭവവും രാജ്യത്തിന് ആവശ്യമുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വസ്തുതയും വാദവും ശക്തമാണെങ്കില്‍ ശാന്തമായ മനസോടെ തന്നെ അവ അവതരിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ആയോധ്യ രാമക്ഷേത്ര സംഭാവനാ കൊള്ളയിലും സഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ട്.
Content Highlights: Ahead of the Monsoon Session, Prime Minister Narendra Modi urged lawmakers to ensure productive parliamentary proceedings focused on national development. He also highlighted the country's significant achievements at both the national and international levels over the past month.