

കൊച്ചി: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടറും മൈജിയും ചേര്‍ന്ന് നടത്തിയ പ്രവചന മത്സരത്തില്‍ വിജയികളെ തെരഞ്ഞെടുത്തു. മലപ്പുറം സ്വദേശിയായ വിനായക് മേനോനാണ് ഒന്നാം സമ്മാനമായ Toyota Glanza കാര്‍ ലഭിച്ചിരിക്കുന്നത്. നിലവില്‍ ന്യൂസിലന്‍ഡില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് വിനായക്.
മകന്‍ പ്രവചന മത്സരത്തില്‍ പങ്കെടുത്തത് അറിഞ്ഞിരുന്നില്ലെന്ന് വിനായകിന്റെ മാതാവ് സുനന്ദ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മകന്‍ പലപ്പോഴും സര്‍പ്രൈസ് നല്‍കാറുണ്ടെന്നും അതില്‍പ്പെട്ടതാകാം ഇതെന്നും മാതാവ് പറഞ്ഞു. രണ്ടാം സമ്മാനമായ റഫ്രിജറേറ്റര്‍ ലഭിച്ചത് അബ്ദുല്‍ മജീദ് സി സിക്ക് ആണ്. സ്‌പെയിന്റെ കളി കണ്ട് വിലയിരുത്തിയാണ് പ്രവചനം നടത്തിയതെന്ന് അബ്ദുല്‍ മജീദ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. മൂന്നാം സമ്മാനമായ ടിവി ലഭിച്ചത് ഷെഫീഖ് എന്നയാള്‍ക്കാണ്. നാലാം സമ്മാനമായ വാഷിങ്‌മെഷീന്‍ വിനോദന്‍ സി എന്നയാള്‍ക്കും ലഭിച്ചു.
മൈജി ഫ്യൂച്ചര്‍ എപ്പിക്കിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഓഫീസില്‍വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍, മൈജി ബ്രാഞ്ച് മാനേജര്‍ വിമല്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ബാലന്‍ സിനിമ ഫെയിം ആദിശേഷനാണ് നറുക്കെടുത്തത്. ഡിജിറ്റല്‍ സെയില്‍സ് വിഭാഗം തലവന്‍ ബിജോയ് ചന്ദ്രന്‍, റിപ്പോര്‍ട്ടര്‍ ടിവി കേരള സെയില്‍സ് വിഭാഗം തലവന്‍ നിതിന്‍ ചന്ദ്രശേഖര്‍, റിപ്പോർട്ടർ ടിവി സീനിയർ ന്യൂസ് എഡിറ്റർ വിനീത വേണു എന്നിവരും നറുക്കെടുപ്പ് പരിപാടിയില്‍ പങ്കെടുത്തു.
ലോകകപ്പിന് മുന്നോടിയായായിരുന്നു മൈജിയുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ പ്രവചന മത്സരം നടത്തിയത്. ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ ആരാകും?, ജയിക്കുന്ന ടീം ഏത്?, ഗോള്‍ നില എന്താകും? എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു മുന്നോട്ടുവെച്ചത്. 14,21,217 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ശരിയുത്തരം അയച്ചത് 110 പേരായിരുന്നു. ഇതില്‍ നിന്നാണ് നാല് പേരെ തെരഞ്ഞെടുത്തത്.
Content Highlights- A resident of Malappuram won the first prize, a Glanza car, in the Reporter-MyG World Cup Prediction Contest.