

ന്യൂഡല്‍ഹി: സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ അടിച്ചമര്‍ത്തി ഡല്‍ഹി പൊലീസ്. യുവാക്കള്‍ക്ക് നേരെ പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. യുവാക്കളെ അടിച്ചോടിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ പിന്തിരിയാന്‍ യുവാക്കള്‍ തയ്യാറായില്ല. പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതിനിടെ റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തന്‍ നോബിള്‍ മാരിക്കാരന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. മാര്‍ച്ചിനെ തടയാന്‍ പൊലീസ് വന്‍ സന്നാഹങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഇത് മറികടന്ന് സിജെപി പ്രവര്‍ത്തകരും അവർക്ക് പിന്തുണയുമായി എത്തിയവരും ജന്തര്‍ മന്തറില്‍ നിന്ന് പുറത്തേക്കിറങ്ങിയതോടെയായിരുന്നു പൊലീസിന്റെ ഇടപെടല്‍. പ്രവര്‍ത്തകരെ പൊലീസ് അടിച്ചോടിക്കുകയായിരുന്നു. ഇതോടെ സിജെപി പ്രവര്‍ത്തകരും നിലപാട് കടുപ്പിച്ചു. മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ച്ചുമായി ഇവര്‍ മുന്നോട്ടുനീങ്ങി. ഇതിനിടെ പൊലീസ് വീണ്ടും ലാത്തിച്ചാര്‍ജ് വീശി. ഇതോടെ പൊലീസിന് നേരെ കല്ലേറുണ്ടായി. പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ചിന് പിന്തുണയുമായി എത്തിയ എഎപി നേതാക്കളായ മനീഷ് സിസോദിയ, അതിഷി മര്‍ലേന, സഞ്ജയ് സിങ് എന്നിവരെ പൊലീസ് തടഞ്ഞു. പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തര്‍ വേദിയിലേക്ക് കടന്നു. ജനാധിപത്യം അട്ടിമറിക്കപ്പെട്ടതായി അതിഷി മര്‍ലേന റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
സിജെപി മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകള്‍ നിരത്തിയിരുന്നു. മന്ത്രിമാരുടെ വസതികള്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സമര കേന്ദ്രമായ ജന്തര്‍ മന്തറിന് ചുറ്റും ജലപീരങ്കികള്‍ വിന്യസിച്ചു. 12 കമ്പനി അധിക അര്‍ത്ഥ സൈനികരെയും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നു.
ജൂലൈ 20നുള്ള പാര്‍ലമെന്റ് മാര്‍ച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സിജെപി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് പുറമേ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുവാക്കളും മുതിര്‍ന്നവരും അടക്കം നിരവധി പേരാണ് സിജെപി മാര്‍ച്ചിന് പിന്തുണ അറിയിച്ച് ജന്തര്‍ മന്തറില്‍ എത്തിയത്. മാര്‍ച്ച് ആരംഭിച്ച ഉടന്‍ പൊലീസ് ഇടപെടലുണ്ടാകുകയായിരുന്നു.
അതേസമയം ആശുപത്രിയില്‍ ചികിത്സയിലുള്ള സോനം വാങ്ചുക്ക് അവിടെയും നിരാഹാര സമരം തുടരുകയാണ്. ഭക്ഷണവും മരുന്നും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സോനം വാങ്ചുക്കിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് എന്നിവരെ ആശുപത്രിയില്‍ തടഞ്ഞിരുന്നു. സുരക്ഷാ-ആശുപത്രി നടപടിക്രമങ്ങള്‍ കാരണം സന്ദര്‍ശനാനുമതി നിഷേധിച്ചു എന്നായിരുന്നു പൊലീസ് വിശദീകരണം. തുടര്‍ന്ന് വാങ്ചുക്കിന് ഐക്യദാര്‍ഢ്യം അറിയിച്ച് സിപിഐഎം കത്ത് കൈമാറിയിരുന്നു. ജന്തര്‍ മന്തറില്‍ അഭിജീത് ദീപ്‌കെ, എസ്എഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി ആദര്‍ശ് എം സജി, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്, ഐസ നേതാവ് നേഹ ബോറ അടക്കമുള്ളവര്‍ നിരാഹാര സമരം തുടരുകയാണ്.
Content Highlights- Police stopped the CJP Parliament march in Delhi, leading to clashes with protesters. A lathi charge was carried out during the confrontation as authorities attempted to disperse the gathering