ആരും സഹായത്തിനെത്തിയില്ല, രക്തം വാർന്ന് കിടന്നത് 40 മിനിറ്റ്; പൊലീസ് ബൂത്തിന് മുൻപിൽ യുവാവിന് ദാരുണാന്ത്യം

ബിഹാറിലെ സിവാന്‍ ജില്ലയില്‍ നിന്നുള്ള രാജ്കുമാര്‍ എന്നയാളാണ് മരണപ്പെട്ടത്

ആരും സഹായത്തിനെത്തിയില്ല, രക്തം വാർന്ന് കിടന്നത് 40 മിനിറ്റ്; പൊലീസ് ബൂത്തിന് മുൻപിൽ യുവാവിന് ദാരുണാന്ത്യം
dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ രക്തം വാര്‍ന്ന് മരിച്ചു. ബിഹാറിലെ സിവാന്‍ ജില്ലയില്‍ നിന്നുള്ള രാജ്കുമാര്‍ എന്നയാളാണ് മരണപ്പെട്ടത്. ജൂലൈ 12 നായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറുമായി 20 രൂപ യാത്രാ കൂലിയെ ചൊല്ലി തര്‍ക്കമുണ്ടായതാണ് ദാരുണ സംഭവത്തിൻ്റെ തുടക്കം. തര്‍ക്കം രൂക്ഷമായതോടെ രാജ്കുമാര്‍ സഹായം തേടി അടുത്തുള്ള പിങ്ക് പൊലീസ് ബൂത്തിലേക്ക് ഓടി. ഇതിനിടെ ഇയാളുടെ കൈ ഗ്ലാസില്‍ ഇടിക്കുകയും സാരമായി പരുക്കേല്‍ക്കുകയുമായിരുന്നു.

പരിക്കേറ്റിട്ടും കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ രാജ്കുമാര്‍ 40 മിനിറ്റോളം സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് കിടന്നു. പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിന്നെങ്കിലും കൃത്യസമയത്ത് വൈദ്യസഹായം നല്‍കാത്തതാണ് ഇയാള്‍ മരിക്കാൻ കാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

എന്നാൽ സംഭവസമയത്ത് രാജ്കുമാറും ഓട്ടോ ഡ്രൈവറും മദ്യപിച്ചിരുന്നുവെന്നാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഉപാസന പാണ്ഡെ വ്യക്തമാക്കുന്നത്. 'യാത്രക്കൂലി നല്‍കുന്നതിനെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി, തുടര്‍ന്ന് ഇരുവരും പിങ്ക് ബൂത്തില്‍ എത്തുകയായിരുന്നു. ബൂത്തിലെ വനിതാ ജീവനക്കാര്‍ രാജ്കുമാറിനെ പുരുഷന്‍മാരുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി പറഞ്ഞെങ്കിലും രാജ്കുമാര്‍ പോകുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസ് ബൂത്തിന്റെ ഇരുമ്പ് വാതിലില്‍ മുട്ടാന്‍ തുടങ്ങി. ഭയന്ന വനിതാ പോലീസുകാര്‍ ബൂത്തിന് ഉള്ളില്‍ കയറി . തുടര്‍ന്ന് കുമാര്‍ ഗ്ലാസ് വാതിലിലേക്ക് തിരിഞ്ഞ് അതില്‍ മുട്ടുകയും അത് തകര്‍ന്നുവീണ് അദ്ദേഹത്തിന്റെ കൈയില്‍ ആഴത്തിലുള്ള മുറിവുണ്ടാവുകയും ചെയ്തു. ശക്തമായ രക്തസ്രാവം മൂലം രാജ്കുമാർ കുഴഞ്ഞുവീഴുകയുമായിരുന്നുവെന്നാണ് ഉപാസന പാണ്ഡെ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ പ്രദേശത്തെ ഒരു കടയുടമ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. എന്നാല്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരു ഓട്ടോറിക്ഷയും നിര്‍ത്തിയില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒടുവിൽ അരമണിക്കൂറോളം കഴിഞ്ഞെത്തിയ ആംബുലൻസിലാണ് രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്.

മരിച്ച രാജ്കുമാറിന്റെ ഭാര്യ എട്ട് മാസം ഗര്‍ഭിണിയായണ്. പിങ്ക് ബൂത്തിന് പുറത്ത് റോഡില്‍ കൈകളില്‍ നിന്ന് രക്തം ഒഴുകുന്ന നിലയില്‍ ആ മനുഷ്യന്‍ കിടക്കുന്നതും സമീപത്ത് കൂടിനിന്നവര്‍ ചുറ്റും കൂടിയിരിക്കുന്നതും കാണിക്കുന്ന നിരവധി വീഡിയോകള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Content Highlight : haziabad, police pink booth, 22 year old, death, bleeding, police investigation

dot image
To advertise here,contact us
dot image