

ദുബായിലെ തിരക്കേറിയ റോഡിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് ദിവസേന കടന്നുപോകുന്നത്. എന്നാൽ അവിടെയുള്ള ഒരു മെട്രോ സ്റ്റേഷനിലെ പൊടിപിടിച്ച സൈൻബോർഡ് വൃത്തിയാക്കാൻ കാരണക്കാരനായത് ഒരൊറ്റ പ്രവാസിയുടെ ഇടപെടലാണ്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ തൻവീർ അഹമ്മദ് എന്ന 25-കാരൻ ദുബായ് നഗരത്തിന്റെ വൃത്തിക്കായി കൈകോർത്ത് മലയാളികൾക്കാകെ അഭിമാനമായി മാറി.
ദുബായിൽ മൾട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുന്ന തൻവീർ, അബുഹെയ്ലിലെ വീട്ടിൽ നിന്നും അൽ കൂസിലുള്ള ഓഫീസിലേക്ക് കമ്പനി ബസിലാണ് ദിവസവും യാത്ര ചെയ്യുന്നത്. കഴിഞ്ഞ ജൂൺ രണ്ടാം തിയതി യാത്രയ്ക്കിടയിലാണ് ദുബായ് വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷന് മുന്നിലെ ബോർഡ് കടുത്ത വേനലിലെ പൊടിയും കാറ്റുമേറ്റ് കരിപിടിച്ച് കിടക്കുന്നത് തൻവീറിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ദിവസേന ആയിരക്കണക്കിന് യാത്രക്കാരും വിനോദസഞ്ചാരികളും ആശ്രയിക്കുന്ന പ്രധാന സ്റ്റേഷന്റെ ബോർഡ് ഇങ്ങനെ കിടക്കുന്നത് നഗരത്തിന്റെ ഭംഗിക്ക് കോട്ടമാണെന്ന് തൻവീറിന് തോന്നി. മറ്റുള്ളവരെപ്പോലെ അത് കണ്ടില്ലെന്ന് നടിക്കാൻ ഈ യുവാവ് തയ്യാറായില്ല. ബസിലിരുന്ന് തന്നെ തൻവീർ ആ ബോർഡിന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തി. തുടർന്ന്, "ഒരു ദുബായ് നിവാസി എന്ന നിലയിൽ വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിലെ ഈ ബോർഡ് വളരെ അഴുക്കായി കിടക്കുന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. ഇത് യാത്രക്കാർക്കും സന്ദർശകർക്കും കാഴ്ചാതടസ്സം ഉണ്ടാക്കുന്നുണ്ട്," തൻവീർ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഇൻസ്റ്റാഗ്രാമിലൂടെ സന്ദേശമയച്ചു.
വെറും രണ്ട് മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ തൻവീറിനെ ഞെട്ടിച്ചുകൊണ്ട് ആർടിഎയുടെ മറുപടിയെത്തി. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന് അധികൃതർ തൻവീറിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു. എന്നാൽ അതിലും വലിയ അത്ഭുതമാണ് അടുത്ത ദിവസം തൻവീറിനെ കാത്തിരുന്നത്. പിറ്റേന്ന് രാവിലെ പതിവുപോലെ ബസിൽ ഓഫീസിലേക്ക് പോകുമ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കിയ തൻവീർ കണ്ടത് പുത്തൻ പുതിയതുപോലെ തിളങ്ങിനിൽക്കുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ മെട്രോ ബോർഡാണ്.
പരാതി നൽകി മണിക്കൂറുകൾക്കകം തന്നെ അധികൃതർ എത്തി ആ വലിയ ബോർഡ് പൂർണ്ണമായും വൃത്തിയാക്കിയിരുന്നു. അധികൃതരുടെ ഈ മിന്നൽ വേഗത്തിലുള്ള നടപടി തന്നെ അമ്പരപ്പിച്ചു കളഞ്ഞുവെന്ന് തൻവീർ പറയുന്നു. ദുബായ് ഭരണകൂടം ജനങ്ങളുടെ ഇത്തരം ആവശ്യങ്ങളെ എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബോധ്യപ്പെട്ട നിമിഷമായിരുന്നു അതെന്നും, ഈ നഗരത്തിൽ ജീവിക്കുന്നതിൽ വലിയ അഭിമാനം തോന്നുന്നുവെന്നും തൻവീർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് വർഷമായി ദുബായിൽ താമസിക്കുന്ന തൻവീർ ആദ്യമായാണ് ഇത്തരമൊരു കാര്യത്തിൽ ഇടപെടുന്നത്. ഇനിയുള്ള ദിവസങ്ങളിലും നഗരത്തിന്റെ നന്മയ്ക്കായി ഇത്തരം കാര്യങ്ങളിൽ മുന്നിലുണ്ടാകുമെന്നാണ് ഈ തൃക്കരിപ്പൂർ സ്വദേശി പറയുന്നത്.
Content Highlights: A Malayali youth received appreciation from Dubai’s RTA after pointing out a dirty signboard at the Dubai Metro. The authority acknowledged the feedback as part of efforts to maintain service quality and cleanliness.