

തിരുവനന്തപുരം: കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. 'നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരുകൂട്ടം ധിക്കാരികള്‍'എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. വിരൽ ചൂണ്ടിക്കൊണ്ടുള്ള ഒരു ചിത്രവും അലോഷ്യസ് പങ്കുവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ തുറന്നടിച്ച് നേരത്തെയും അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്‌യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ് എന്ന് അലോഷ്യസ് സേവ്യര്‍ ചോദിച്ചിരുന്നു, കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന്റെ തെരുവില്‍ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉള്‍ക്കൊണ്ട് കെഎസ്‌യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞിരുന്നു. കെഎസ്‌യുവിന് എതിരായ പ്രതികരണത്തില്‍ മുഖ്യമന്ത്രി ജാഗ്രത പാലിക്കണമായിരുന്നുവെന്നും അലോഷ്യസ് സേവ്യര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയ നിയമിച്ചതിനെ കുറിച്ചുള്ള കെഎസ്‌യു വിമര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് ഗവ. പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച സതീശന്‍, ഒരു കാര്യവുമില്ലെന്നും പറഞ്ഞിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡി എസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതായിരുന്നു വിവാദമായത്. പ്ലീഡര്‍ നിയമനത്തില്‍ തിരുവനന്തപുരം ലോ കോളേജിലെ കെഎസ്‌യു മുന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ ആശങ്ക അറിയിച്ചിരുന്നു. വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ശരത്തിന്റെ നിയമനം. ഇതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
Content Highlights- Aloysius Xavier responded to V D Satheesan’s remarks, stating that pointing out wrongdoings should not be considered arrogance.