NATOയുടെ പ്രതിരോധച്ചെലവിനായി ഏറ്റവും കൂടുതൽ GDP വിഹിതം ഉപയോ​ഗിക്കുന്നത് US അല്ല; മുന്നിൽ 3 ബാൾട്ടിക് രാജ്യങ്ങൾ

പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാറ്റോ അംഗരാജ്യങ്ങളോട് ശക്തമായി ആവശ്യപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്

NATOയുടെ പ്രതിരോധച്ചെലവിനായി ഏറ്റവും കൂടുതൽ GDP വിഹിതം ഉപയോ​ഗിക്കുന്നത് US അല്ല; മുന്നിൽ 3 ബാൾട്ടിക് രാജ്യങ്ങൾ
dot image

അങ്കാറ: നാറ്റോ സഖ്യത്തിലെ അഞ്ച് അംഗരാജ്യങ്ങൾ 2026ലെ പ്രതിരോധച്ചെലവിനായി നിശ്ചയിച്ചിരിക്കുന്ന പുതിയ ലക്ഷ്യത്തിനായി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.5 ശതമാനം ചെലവഴിക്കും. നാറ്റോ ചൊവ്വാഴ്ച പുറത്തുവിട്ട പുതുക്കിയ കണക്കുകളിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. അങ്കാറയിൽ നടക്കാനിരിക്കുന്ന നേതൃസമ്മേളനത്തിന് മുന്നോടിയായാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചത്. അതേസമയം ചില അംഗരാജ്യങ്ങൾ ഇപ്പോഴും ജിഡിപിയുടെ ഏകദേശം 2 ശതമാനം മാത്രമാണ് പ്രതിരോധത്തിനായി ചെലവഴിക്കാൻ സാധ്യതയുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2035-ഓടെ ജിഡിപിയുടെ 3.5 ശതമാനം ആയുധങ്ങൾ, സൈനികർ, മറ്റ് പ്രധാന പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കുമെന്ന് കഴിഞ്ഞ വർഷം നെതർലൻഡ്സിലെ ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ പ്രതിജ്ഞയെടുത്തിരുന്നു. നേരത്തെയുണ്ടായിരുന്ന 2 ശതമാനം ലക്ഷ്യത്തിൽ നിന്നുള്ള വലിയ വർധനവായിരുന്നു ഇത്. ഇതിനുപുറമെ, സൈബർ സുരക്ഷ ശക്തിപ്പെടുത്തൽ ഉൾപ്പെടെയുള്ള പ്രതിരോധവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് സുരക്ഷാ നിക്ഷേപങ്ങൾക്കുമായി ജിഡിപിയുടെ 1.5 ശതമാനം കൂടി അധികമായി ചെലവഴിക്കാനും രാജ്യങ്ങൾ സമ്മതിച്ചിരുന്നു.

പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാറ്റോ അംഗരാജ്യങ്ങളോട് ശക്തമായി ആവശ്യപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

2026-ലെ കണക്കുകൾ പ്രകാരം, ജിഡിപിയുടെ 5.33 ശതമാനം ചെലവഴിക്കുന്ന ലിത്വാനിയയാണ് നാറ്റോയിൽ ഏറ്റവും മുന്നിലുള്ള പ്രതിരോധച്ചെലവുകാർ. 5.10 ശതമാനം ചെലവഴിക്കുന്ന എസ്തോണിയ, 4.92 ശതമാനം ചെലവഴിക്കുന്ന ലാത്‌വിയ 4.68 ശതമാനം ചെലഴിക്കുന്ന പോളണ്ട്, 3.65 ശതമാനം ചെലവഴിക്കുന്ന ​ഗ്രീസ് എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം അൽബേനിയ 1.48 ശതമാനം, സ്ലോവേനിയ 1.57 ശതമാനം, ചെക്ക് റിപ്പബ്ലിക് 1.86 ശതമാനം വീതം ചെലവഴിച്ച രാജ്യങ്ങൾ അന്നത്തെ രണ്ട് ശതമാനം എന്ന ലക്ഷ്യം കൈവരിച്ചിരുന്നില്ല. എന്നാൽ 2026-ൽ അൽബേനിയയും ചെക്ക് റിപ്പബ്ലിക്കും 2 ശതമാനത്തിലധികം പ്രതിരോധച്ചെലവിൽ എത്തുമെന്നാണ് നാറ്റോയുടെ വിലയിരുത്തൽ. സ്ലോവേനിയയിലെ പുതിയ സർക്കാർ 2 ശതമാനത്തിന് മുകളിലേക്ക് പ്രതിരോധച്ചെലവ് ഉയർത്തുമെന്ന് റിപ്പോർട്ടിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ബെൽജിയം രണ്ട് ശതമാനം, പോർച്ചു​ഗല്ലും ഇറ്റലിയും 2.1 ശതമാനം എന്നീ രാജ്യങ്ങൾ രണ്ട് ശതമാനമോ അതിന് അൽപം മുകളിലോ പ്രതിരോധച്ചെലവ് നടത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ബജറ്റുള്ള അമേരിക്ക ജിഡിപിയുടെ 3.17 ശതമാനമാണ് നാറ്റോയുടെ പ്രതിരോധത്തിനായി ചെലവഴിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ജർമ്മനി 2.69 ശതമാനവും യുകെ 2.56 ശതമാനവും ഫ്രാൻസ് 2.22 ശതമാനവും പ്രതിരോധത്തിനായി ചെലവഴിക്കുമെന്നാണ് നാറ്റോയുടെ വിലയിരുത്തൽ. ആകെ കണക്കിലെടുക്കുമ്പോൾ യൂറോപ്യൻ നാറ്റോ അംഗരാജ്യങ്ങളും കാനഡയും ചേർന്ന് 2026-ൽ ജിഡിപിയുടെ ശരാശരി 2.53 ശതമാനം പ്രധാന പ്രതിരോധ ആവശ്യങ്ങൾക്കായി ചെലവഴിക്കുമെന്നാണ് നാറ്റോയുടെ പുതിയ കണക്ക് കൂട്ടൽ.

Content Highlights: The United States is not the biggest NATO defense spender as a share of GDP. Estonia, Latvia, and Lithuania lead the alliance by allocating the highest percentage of their economies to defense.

dot image
To advertise here,contact us
dot image