'നിങ്ങളുടേത് പ്രചോദനപരമായ ജീവിതം': ധോണിക്ക് 45-ാം ജന്മദിനാശംസകള്‍ നേര്‍ന്ന് മുന്‍ സഹതാരങ്ങള്‍

സുരേഷ് റെയ്നയും മുനാഫ് പട്ടേലും ആകാശ് ചോപ്രയുമാണ് ജന്മദിനാശംസകള്‍ നേര്‍ന്നത്

'നിങ്ങളുടേത് പ്രചോദനപരമായ ജീവിതം': ധോണിക്ക് 45-ാം ജന്മദിനാശംസകള്‍ നേര്‍ന്ന് മുന്‍ സഹതാരങ്ങള്‍
dot image

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് 45-ാം ജന്മദിനാശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, മുനാഫ് പട്ടേല്‍, ആകാശ് ചോപ്ര എന്നിവര്‍. പ്രേരണാത്മകമായ ഒരു ജീവിതയാത്രയാണ് ധോണിയുടേതെന്ന് താരങ്ങള്‍ പറഞ്ഞു. റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായി ജോലി നോക്കിയിരുന്ന അദ്ദേഹം, പിന്നീട് ഇന്ത്യയുടെ ചരിത്രവിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനായി മാറുകയും, 2007-ലെ ഐസിസി വേള്‍ഡ് ട്വന്റി20, 2011-ലെ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ്, 2013-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കുകയും ചെയ്തു.

കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയതിനും റെക്കോര്‍ഡുകള്‍ക്കും അപ്പുറമുള്ള ഒരു പാരമ്പര്യം അവശേഷിപ്പിച്ചതിനും റെയ്ന ധോണിയെ പ്രശംസിച്ചു. ധോണിക്കൊപ്പം കളിച്ച നാളുകളെയും അദ്ദേഹം അനുസ്മരിച്ചു. 'ജന്മദിനാശംസകള്‍, മഹി ഭായ്! നിങ്ങളുടെ പാരമ്പര്യം ഒരിക്കലും റെക്കോഡുകള്‍ കൊണ്ട് മാത്രം അളക്കാനാവില്ല, മറിച്ച് നിങ്ങള്‍ പ്രചോദനം നല്‍കിയ എണ്ണമറ്റ ജീവിതങ്ങളും, അനേകര്‍ക്ക് നിങ്ങള്‍ പകര്‍ന്നുനല്‍കിയ ആത്മവിശ്വാസവും കൊണ്ടായിരിക്കും അത് അറിയപ്പെടുക. ഈ യാത്ര നിങ്ങളോടൊപ്പം പങ്കിടാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്. നിങ്ങള്‍ക്ക് സന്തോഷവും നല്ല ആരോഗ്യവും ഇനിയും ഒരുപാട് വര്‍ഷത്തെ പുഞ്ചിരിയും നേരുന്നു. എപ്പോഴും അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ,' റെയ്ന തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

മത്സരങ്ങളും ട്രോഫികളും മാത്രമല്ല, ക്രിക്കറ്റിന്റെ ഒരു യുഗത്തെത്തന്നെ നിര്‍വചിച്ച കളിക്കാരനാണ് 'തല' എന്ന് ആകാശ് ചോപ്ര ധോണിയെ വിശേഷിപ്പിച്ചു. 'ചില കളിക്കാര്‍ മത്സരങ്ങള്‍ ജയിക്കുന്നു. ചിലര്‍ ട്രോഫികള്‍ നേടുന്നു. എന്നാല്‍ എംഎസ് ധോണി ഒരു യുഗം തന്നെയാണ് സ്വന്തമാക്കിയത്. ജന്മദിനാശംസകള്‍ മഹി' -ചോപ്ര എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്. 'മഹി ഭായ്, നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ജീവിതം നേരുന്നു. മികച്ചൊരു വ്യക്തിത്വവും ഒരു ഇതിഹാസവുമാണ് നിങ്ങള്‍' -മുനാഫ് പട്ടേല്‍ എക്‌സില്‍ കുറിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,266 റണ്‍സും, 829 സ്റ്റംപിങ്ങുമായി ധോണി കളിക്കളത്തില്‍ തിളങ്ങിയിട്ടുണ്ട്. ഇന്ത്യക്കായി വിവിധ ഫോര്‍മാറ്റുകളിലായി 538 മത്സരങ്ങളില്‍ പങ്കെടുത്ത താരം ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിഭകളില്‍ ഒരാളാണ്. 350 ഏകദിന മത്സരങ്ങളില്‍ നിന്നായി ധോണി 50.57 ശരാശരിയില്‍ 10,773 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 10 സെഞ്ചുറികളും 73 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. പുറത്താകാതെ നേടിയ 183 റണ്‍സാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആറാമത്തെ താരമാണ് ധോണി. 18,426 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാമത്. 98 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ധോണി 1,617 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 56 ആണ്. ടെസ്റ്റ് കരിയറില്‍ ധോണി 90 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 4,876 റണ്‍സ് നേടിയിട്ടുണ്ട് ധോണി. ഇതില്‍ ആറ് സെഞ്ചുറികളും 33 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. ടെസ്റ്റില്‍ ഏറ്റവും മികച്ച സ്‌കോര്‍ 224 റണ്‍സാണ്. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ 14-ാമത്തെ കളിക്കാരനാണ് അദ്ദേഹം.

content highlights: Yours is an inspiring life': Former teammates wish Dhoni on his 45th birthday

dot image
To advertise here,contact us
dot image