

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിനും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജി നയിക്കുന്ന വിഭാഗത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടിയുടെ ചിഹ്നത്തിലും ആസ്തിയിലും അവകാശം ഉന്നയിച്ച് ഋതബ്രത ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ ചിഹ്നം, ബാങ്ക് അക്കൗണ്ടുകള്‍, സംഘടനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏത് വിഭാഗത്തിന്റെ നിയന്ത്രണത്തിലാകുമെന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ജൂലായ് ആറിന് വൈകിട്ട് 5.30ന് ഉള്ളില്‍ മറുപടി നല്‍കണമെന്നാണ് ഇരുവിഭാഗങ്ങളോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെയാണ് അധികാര തര്‍ക്കം ഉടലെടുത്തത്. ബിജെപി ആദ്യമായി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ മമതയുടെയും അവരുടെ അനന്തരവന്‍ അഭിഷേകിന്റെയും നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തൃണമൂലിലെ 80 എംഎല്‍എമാരില്‍ 65 പേരുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനര്‍ജി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
തങ്ങളാണ് യഥാര്‍ത്ഥ തൃണമൂലെന്ന അവകാശവാദം വിമതര്‍ ഉന്നയിക്കുന്നത്. എന്നാല്‍ നിയമസഭ സാമാജികരുടെ എണ്ണമല്ല സംഘടനാ ശക്തിയാണ് പാര്‍ട്ടിയുടെ അധികാരത്തെയും നിയന്ത്രണത്തെയും സ്വാധീനിക്കുന്നതെന്നും അതിനാല്‍ മുന്‍മുഖ്യമന്ത്രിക്കാണ് തൃണമൂലിനെ നയിക്കാന്‍ അര്‍ഹതയെന്നുമാണ് മറുവിഭാഗം വാദിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ മമത ബാനര്‍ജിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിമത പക്ഷം നീക്കിയിരുന്നു. ഹൗറ മണ്ഡലത്തില്‍ നിന്നുള്ള അരൂപ് റോയിയെ പാര്‍ട്ടി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മമതക്ക് പാര്‍ട്ടി ഉപദേശകയായി തുടരാമെന്നായിരുന്നു വിമത പക്ഷത്തിന്റെ നിലപാട്.
Content Highlights: Election Commission of India has issued notices to Mamata Banerjee and a Ritabrata-led faction amid an internal dispute within the Trinamool Congress over leadership and recognition of the “real” group. The development intensifies the ongoing factional conflict within the party.