

പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്ന് വ്യക്തമാകുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. സംഭവ ദിവസം, പ്രതിയും കേതന്റെ പ്രതിശ്രുത വധുവുമായിരുന്ന സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും പൂനെയിലെ ഒരു കഫേയില്‍ വെച്ച് കണ്ടുമുട്ടിയിരുന്നുവെന്നും അവിടെ അവര്‍ കേതനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നുമാണ് കണ്ടെത്തല്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കേതന്‍ അഗര്‍വാളിനെ തള്ളിയിടാന്‍ ലോഹഗഡ് കോട്ടയില്‍ അനുയോജ്യമായ ഒരു സ്ഥലം തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെ ഈ കണ്ടുമുട്ടലില്‍ ചര്‍ച്ചയായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് കേതനുമായി സിയ കോട്ടയിലെത്തിയത്. ചേതന്‍ ഇവര്‍ക്ക് പിന്നാലെയെത്തി. തുടര്‍ന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു.
സിയയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും 'സഹായിക്കൂ' എന്ന് പറഞ്ഞ് അവര്‍ അലറിയെന്നും കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ധീരജ് ജാദവ് പറഞ്ഞു. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചതായും അയാള്‍ പറഞ്ഞു. 'അലര്‍ച്ച കേട്ടാണ് ഞാന്‍ ഓടി വന്നത്. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ സിയ ഗോയലിനോട് ചോദിച്ചു, കോട്ടയില്‍ നിന്ന് ഒരാള്‍ വീണു എന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു', ധീരജ് ജാദവ് എന്‍ഡിടിവിയോട് പറഞ്ഞു. കോട്ടയില്‍ 24 മണിക്കൂറും സുരക്ഷാ സാന്നിധ്യമുണ്ടെന്നും സമീപത്ത് ഒരു പൊലീസ് സ്റ്റേഷന്‍ ഉണ്ടെന്നും സൂരജ് പറഞ്ഞു.
കേതന്റെ കൊലപാതകം തെളിയിക്കാൻ പൊലീസിന് സഹായകമായ മറ്റൊരു ഘടകം ചേതൻ ധരിച്ചിരുന്ന ഹൂഡിയാണ്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇത് വ്യക്തമായത്. കേതനും സിയയും പോകുന്നതിന് പിന്നാലെ ഹൂഡി ധരിച്ച് നടന്നുപോവുന്ന പ്രതിയെ കാണാം. മുഖം മറയ്ക്കുന്ന രീതിയിൽ ഹൂഡി ധരിച്ചിരുന്ന ഇയാൾ അതിനുമുകളിൽ ഹെഡ്സെറ്റും വെച്ചിരുന്നു. സിയ ഇടയ്ക്ക് ഇയാളെ തിരിഞ്ഞുനോക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്. 33 ഡിഗ്രി സെൽഷ്യസ് ചൂടുള്ള സമയത്ത് ഹൂഡി ധരിച്ച് പോകുന്നയാളിൽ പൊലീസിന് സംശയം തോന്നുകയായിരുന്നു.
സിയയും ചേതനും തമ്മില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 2,004 തവണ ഫോണില്‍ ബന്ധപ്പെടുകയും 238 മണിക്കൂറോളം സംസാരിക്കുകയും ചെയ്തതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിയിരുന്നു. കൊലപാതകം നടന്ന ജൂണ്‍ 18ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5.40 വരെ ചേതന്‍ തന്റെ ഫോണിലെ ഇന്റര്‍നെറ്റ് ഓഫാക്കി വെച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ഫോണ്‍ കടയില്‍ തന്നെ വെക്കുകയും പകരം ഒരു ജീവനക്കാരന്റെ ഫോണ്‍ കൈവശം വെയ്ക്കുകയും ചെയ്തു. ഈ ഫോണുമായാണ് ഇയാൾ യാത്ര ചെയ്തതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ജൂണ്‍ പതിനെട്ടിനാണ് പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാള്‍ ലോഹഗഡ് ഫോര്‍ട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ വീണതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതിശ്രുത വധു സിയ ഗോയല്‍ തന്നെയായിരുന്നു കേതന്‍ മരിച്ച വിവരം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. കേതന്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നായിരുന്നു സിയ പറഞ്ഞത്. എന്നാല്‍ കേതന്റെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കേതന്റെ മരണം പുറംലോകമറിഞ്ഞതോടെ വൈകാരികമായൊരു കുറിപ്പും സിയ പങ്കുവെച്ചിരുന്നു. ആഴ്ചകള്‍ക്കപ്പുറം തന്റെ ഭര്‍ത്താവാകേണ്ടിയിരുന്ന ആളെ നഷ്ടപ്പെട്ടന്നാണ് കുറിപ്പില്‍ പറഞ്ഞത്. 'എന്റെ ജന്മദിനത്തിലാണ് നീ വിട്ടുപിരിയുന്നത്. നമ്മള്‍ വിവാഹിതരാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നീ പോയത്. എന്നോട് നീ എന്തിനിത് ചെയ്തുവെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും. നിന്നെ ഞാന്‍ ഇത്രയുമധികം സ്നേഹിച്ചിട്ടും എന്തിനാണ് നീയെന്നെ വിട്ടുപോയത്. റെസ്റ്റ് ഇന്‍ പീസ്' എന്നായിരുന്നു സിയ പങ്കുവെച്ച പോസ്റ്റ്.
പ്രമുഖ ബില്‍ഡര്‍ വിശാല്‍ അഗര്‍വാളിന്റെ മകനാണ് കേതന്‍. കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വരുന്ന നവംബര്‍ 25ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജയ്പൂരില്‍ കൊട്ടാരവും അതിഥികള്‍ക്കായി രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളും വരെ വിവാഹത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് അരുംകൊല നടന്നത്. സിയയുടെ ജന്മദിനം ആഘോഷിക്കാനായി മഹാബലേശ്വറിലേക്ക് യാത്ര പോകാനും കേതന്‍ പദ്ധതിയിട്ടിരുന്നു.
Content Highlights: More Evidence Emerges in Planned death of Pune Businessman Ketan Agarwal