ഗുജറാത്തില്‍ മുന്‍ ആംആദ്മി സ്ഥാനാര്‍ത്ഥി മരിച്ച നിലയില്‍; ലിവ് ഇന്‍ പങ്കാളി കൊന്നതെന്ന് കുടുംബം

അസ്‌ലം നാട്ടിലുളള തന്റെ ഭാര്യയെ സന്ദർശിക്കുന്നത് നന്ദിനിയ്ക്ക് മനോവിഷമമുണ്ടാക്കിയിരുന്നെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

ഗുജറാത്തില്‍ മുന്‍ ആംആദ്മി സ്ഥാനാര്‍ത്ഥി മരിച്ച നിലയില്‍; ലിവ് ഇന്‍ പങ്കാളി കൊന്നതെന്ന് കുടുംബം
dot image

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇരുപത്തിമൂന്നുകാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം. രാജ്‌കോട്ടിലെ വാടക ഫ്‌ളാറ്റിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജെറ്റ്പൂര്‍ ടൗണിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ യുവതിയുടെ ലിവ് ഇന്‍ പങ്കാളി അവരെ കൊലപ്പെടുത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

നന്ദിനി ബോസമിയ എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ അസ്‌ലം ഹുസൈന്‍ സമ എന്ന വിവാഹിതനായ യുവാവിനൊപ്പം ലിവിങ് റിലേഷനിലായിരുന്നു. ഇയാള്‍ ജുനാഗഡിലുളള തന്റെ ഭാര്യയെ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നത് നന്ദിനിയ്ക്ക് വിഷമമുണ്ടാക്കിയിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നന്ദിനി മരിക്കുന്നതിന് മുന്‍പുളള ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ നിരന്തരം വഴക്കുകളുണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

ജൂണ്‍ 22-നാണ് ഗൊണ്ടല്‍ ക്രോസ്‌റോഡ്‌സിലുളള ഫ്‌ളാറ്റില്‍ നന്ദിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരിക്കുന്നതിന് മുന്‍പ് നന്ദിനി തന്റെ സഹോദരിക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്യുകയാണെന്നും ആവശ്യമെങ്കില്‍ യുവാവിനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

'അവള്‍ ജീവനൊടുക്കിയതല്ല. അവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. അവളെ കൊന്നതാണ്. അവളുടെ കൈകളില്‍ പാടുകളും കഴുത്തില്‍ നഖം കൊണ്ട പോറലും ഉണ്ടായിരുന്നു. സംഭവത്തിന് ശേഷം അസ്‌ലം ഹുസൈന്‍ ഒളിവിലാണ്. അയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകണം. എന്റെ സഹോദരിക്ക് നീതി ലഭിക്കണം.': നന്ദിനിയുടെ സഹോദരി രൂപാല്‍ ബൊസാമിയ ആരോപിച്ചു. 2025-ല്‍ ജെറ്റ്പൂര്‍ നവാഗത് മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ എഎപി സ്ഥാനാര്‍ത്ഥിയായിരുന്നു നന്ദനി. തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടിരുന്നെന്നും അവര്‍ എഎപിയുടെ ഒരു സംഘടനാ പദവിയും വഹിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Content Highlights: 23-year-old former AAP candidate Nandini Bosamiya was found dead in her Rajkot apartment. While police registered a case of accidental death, her family alleged she was murdered by her live-in partner Aslam Sama

dot image
To advertise here,contact us
dot image