REPORTER IMPACT: കൊല്ലത്ത് അംഗപരിമിതിയുള്ള വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയതില്‍ ഇടപെട്ട് ജില്ലാ കളക്ടര്‍

റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഇടപെടല്‍

REPORTER IMPACT: കൊല്ലത്ത് അംഗപരിമിതിയുള്ള വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയതില്‍ ഇടപെട്ട് ജില്ലാ കളക്ടര്‍
dot image

കൊല്ലം: കൊല്ലത്ത് അംഗപരിമിതിയുള്ള വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയ സംഭവത്തില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഇടപെടല്‍.

ശാരീരിക പരിമിതികള്‍ വകവയ്ക്കാതെയായിരുന്നു പന്മന വില്ലേജ് ഓഫീസര്‍ രാധാകൃഷ്ണപ്പിള്ളയെ സ്ഥലം മാറ്റിയത്. സ്ഥലംമാറ്റത്തിന് പിന്നില്‍ ഭൂമാഫിയയുടെ പങ്കുണ്ടെന്നായിരുന്നു ആരോപണം. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ജോലി ചെയ്തിരുന്ന രാധാകൃഷ്ണപ്പിള്ളയെ 10 കിലോമീറ്റര്‍ അകലെയുള്ള കല്ലേലി ഭാഗം വില്ലേജ് ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. 90 ശതമാനവും വൈകല്യമുള്ള രാധാകൃഷ്ണപ്പിള്ള സഞ്ചരിക്കുന്നത് ഇലക്ട്രിക് വീല്‍ ചെയറിലാണ്.

'കോലംപാതില്‍ ഇടപ്പള്ളിക്കോട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയ മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ഉടമകള്‍ നടത്തുന്ന അനധികൃത നിലം നികത്തലിനെതിരെ നടപടി എടുത്തതിന്റെ പേരിലാണ് രാധാകൃഷ്ണന്‍ സാറിനെ ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. ഈ അനധികൃതമായി നികത്തിയ വസ്തുവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുവാന്‍ വേണ്ടി നടത്തിയ നീക്കത്തിനെതിരെ ശക്തമായ നടപടി ഈ വില്ലേജ് ഓഫീസര്‍ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അംഗപരിമിതനായ ഒരാളെ അനധികൃതമായി സ്ഥലം മാറ്റിയിരിക്കുന്നത്. അവരുടെ ഉന്നത സ്വാധീനം ഉപയോഗിച്ചാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വെറും മനുഷ്യത്വരഹിതമായ നടപടിയാണ്', രാധാകൃഷ്ണപ്പിള്ളയുടെ സ്ഥലം മാറ്റത്തില്‍ പ്രദേശവാസി റിപ്പോർട്ടറിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

സ്ഥലം മാറ്റത്തെ കുറിച്ച് രാധാകൃഷ്ണപ്പിള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അഴിമതിക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ സ്ഥലം മാറി പോകുന്നു എന്ന വൈകാരികമായ കുറിപ്പ് രാധാകൃഷ്ണപ്പിള്ള പങ്കുവെച്ചിരുന്നു. 2023ല്‍ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ ആളാണ് രാധാകൃഷ്ണപ്പിള്ള.

Content Highlights: The District Collector has sought a detailed report from the Tahsildar and other officials regarding the transfer of a differently abled village officer in Kollam

dot image
To advertise here,contact us
dot image