ജീവിച്ചിരിക്കുന്നതിൽ നന്ദിയുണ്ട്, ആ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല: അഹമ്മദാബാദ്‌ വിമാന ദുരന്തം അതിജീവിച്ചയാൾ

ഒരുവർഷം കഴിയുമ്പോഴും ദുരന്തത്തിൻ്റെ ഞെട്ടൽ ഇതുവരെയും തന്നെ വിട്ട് പോയിട്ടില്ലെന്ന് പറയുകയാണ് ദുരന്തത്തെ അതിജീവിച്ച ഏക വ്യക്തിയായ വിശ്വകുമാർ രമേശ്

ജീവിച്ചിരിക്കുന്നതിൽ നന്ദിയുണ്ട്, ആ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല: അഹമ്മദാബാദ്‌ വിമാന ദുരന്തം അതിജീവിച്ചയാൾ
dot image

അഹമ്മദാബാദ്‌: അഹമ്മദാബാദ്‌ വിമാന ദുരന്തമുണ്ടായി ഒരുവർഷം കഴിയുമ്പോഴും ദുരന്തത്തിൻ്റെ ഞെട്ടൽ ഇതുവരെയും തന്നെ വിട്ട് പോയിട്ടില്ലെന്ന് പറയുകയാണ് ദുരന്തത്തെ അതിജീവിച്ച ഏക വ്യക്തിയായ വിശ്വകുമാർ രമേശ്. ദുരന്തത്തെ അതിജീവിച്ച വ്യക്തിയെന്ന് തന്നെ വിശേഷിപ്പിക്കുമ്പോഴും വിമാനപകടത്തിന് ശേഷം കടുത്ത മാനസിക സംഘർഷമാണ് നേരിടുന്നതെന്ന് തുറന്ന് പറയുകയാണ് അദേഹം. വിമാനപകടം തീർത്ത ഭീതി തൻ്റെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നും എന്നും പ്രയാസമ്മേറിയ ഓർമ്മകളുമായി പോരാടുകയാണെന്നും അദേഹം പറഞ്ഞു.

'നിങ്ങൾ കരുതുന്നത് താൻ ദുരന്തത്തെ അതിജീവിച്ചെന്നാണ് എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ദുരന്തത്തിൻ്റെ ആഘാതത്തെയും അത് ഉണ്ടാക്കിയ ഭീതിയും എന്നെ വിട്ട് പോയിട്ടില്ല. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ദുരന്തത്തിൽ ജീവൻ തിരിച്ച് കിട്ടിയത് ഭാ​ഗ്യമാണ്. പക്ഷേ അതിന് ശേഷമുള്ള അതിജീവനം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ദുരന്തത്തിന് ശേഷം ഞാൻ നേരിട്ട കാര്യങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത വിധം ബുദ്ധിമുട്ടുള്ളതായിരുന്നു. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഇപ്പോഴും ബുദ്ധിമുട്ടുന്നു'; എന്നാണ് രമേശ് പറഞ്ഞത്.

20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിച്ചു വരുന്ന രമേശ് തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത്. സന്ദര്‍ശനത്തിന് ശേഷം തിരികെ ലണ്ടനിലേയ്ക്ക് സഹോദരനൊപ്പം മടങ്ങവെയാണ് അപകടം ഉണ്ടായത്. എയര്‍ ഇന്ത്യ 171 വിമാനത്തില്‍ 11A നമ്പര്‍ സീറ്റായിരുന്നു ഇദ്ദേഹത്തിന്റേത്.

കഴിഞ്ഞ വർഷം ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച 260 പേരിൽ 19 പേർ വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്ത് ഉണ്ടായിരുന്നവരാണ്. വിമാനത്തിൽ ഉണ്ടായിരുന്ന മലയാളിയായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു. വിമാനത്തിലെ യാത്രക്കാരില്‍ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ആയിരുന്നു. ബാക്കിയുള്ള ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരിച്ചിരുന്നു.

Content Highlights: One year after the Ahmedabad air disaster, sole survivor Vishwashkumar Ramesh says the shock and trauma of the tragedy continue to affect him deeply.

dot image
To advertise here,contact us
dot image