EDക്ക് തിരിച്ചടി; ന്യൂസ് ക്ലിക്ക് പത്രാധിപർ പ്രബീർ പുരകായസ്തയ്ക്ക് എതിരായ കേസുകള്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

2020 ആഗസ്റ്റിലായിരുന്നു ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പരാതി പ്രകാരം പ്രബീര്‍ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനുമെതിരെ കേസെടുത്തത്

EDക്ക് തിരിച്ചടി; ന്യൂസ് ക്ലിക്ക് പത്രാധിപർ പ്രബീർ പുരകായസ്തയ്ക്ക് എതിരായ കേസുകള്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി
dot image

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കിനും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയ്ക്കും എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പ്രബീര്‍ 225 ദിവസം വിചാരണ തടവുകാരനായി ജയിലിലായിരുന്നു. എഫ്‌ഐറിലെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചാലും ഐപിസി സെക്ഷന്‍ 406, 420 വകുപ്പുകളുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ നിരീക്ഷിച്ചു. കേസുമായി മുന്നോട്ടുപോകുന്നത് നിയമപ്രകിയയുടെ ദുരുപയോഗം ചെയ്യലാണെന്നും കോടതി നിരീക്ഷിച്ചു.

2020 ആഗസ്റ്റിലായിരുന്നു ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പരാതി പ്രകാരം പ്രബീര്‍ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനുമെതിരെ കേസെടുത്തത്. യുഎസ് ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നും നിയമവിരുദ്ധമായി 9.59 കോടി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നായിരുന്നു കേസ്. ശമ്പളം, കണ്‍സള്‍ട്ടന്‍സി ഫീസ്, മറ്റ് ചെലവുകള്‍ എന്നിവയിലൂടെ ഫണ്ടിന്റെ സിംഹഭാഗം വകമാറ്റിയതായും എഫ്‌ഐആറില്‍ ആരോപിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും ഇസിഐആറിനും കൈമാറുകയായിരുന്നു.

എന്നാല്‍ ന്യൂസ് ക്ലിക്ക് കമ്പനിയായ പിപികെ ന്യൂസ് ക്ലിക്ക് സ്റ്റ്യുഡിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ മൊത്തം ഓഹരികള്‍ക്ക് പകരമായി മൂന്ന് ഘട്ടങ്ങളിലായി 1.5 മില്ല്യണ്‍ യുഎസ് ഡോളര്‍ വീതം നിക്ഷേപിക്കാന്‍ യുഎസ് ആസ്ഥാനമായുള്ള വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്‌സ് എല്‍എല്‍എസി തീരുമാനിച്ചതായി സ്ഥാപനം സമ്മതിച്ചിരുന്നുവെന്ന് കോടതി വ്യക്തമാക്കി. 2018 ഏപ്രില്‍ 11നാണ് സ്ഥാപനം ആദ്യഗഡു സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. അച്ചടി മാധ്യമങ്ങളും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളും എഫ്ഡിഐ സ്വീകരിക്കുന്നത് സംബന്ധിച്ച നയത്തില്‍ വ്യക്തത ആവശ്യപ്പെട്ട് 2017ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ന്യൂസ് ക്ലിക്ക് കത്തയച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വീടുകളിലെ റെയ്ഡിന് പിന്നാലെ 2023 ഒക്ടോബറിലായിരുന്നു പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ ഡല്‍ഹി പൊലീസിന് നേരെ രൂക്ഷവിമര്‍ശനം കോടതി ഉന്നയിച്ചിരുന്നു.

Content Highlights: Delhi High Court Quashes FIR & ED Case Against NewsClick And Prabir Purkayastha Over Foreign Funding

dot image
To advertise here,contact us
dot image