വിജയ് ഡല്‍ഹിയില്‍; സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി; സിപിഐ ആസ്ഥാനത്തും എത്തി

സോണിയാ ഗാന്ധിയുമായി വിജയ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയും രാഹുല്‍ ഗാന്ധിയുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയുമാണ്

വിജയ് ഡല്‍ഹിയില്‍; സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി; സിപിഐ ആസ്ഥാനത്തും എത്തി
dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഡല്‍ഹിയില്‍ സിപിഐ ആസ്ഥാനത്തെത്തി ഡി രാജയുമായി കൂടിക്കാഴ്ച നടത്തി.

10 ജന്‍പത് വസതിയിലെത്തിയാണ് വിജയ് സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയത്. സോണിയാ ഗാന്ധിയുമായി വിജയ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയും രാഹുല്‍ ഗാന്ധിയുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയുമാണിത്. ഇരുവര്‍ക്കും വിജയ് ഷാളും ബൊക്കെയും സമ്മാനിച്ചു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നയങ്ങളും രാഷ്ട്രീയവും ചര്‍ച്ചയായെന്നാണ് വിവരം. ടിവികെയുടെ ഇന്‍ഡ്യാ സഖ്യ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചയായോയെന്നതില്‍ വ്യക്തതയില്ല.

കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡല്‍ഹിയിലെ സിപിഐ ആസ്ഥാനത്തേക്കാണ് വിജയ് പോയത്. ഇവിടെ ഡി രാജയുമായി കൂടിക്കാഴ്ച നടത്തി മടങ്ങി.

മൂന്ന് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനായാണ് വിജയ് എത്തിയിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണനുമായും വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തി.

വ്യാഴാഴ്ചത്തെ നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ വിജയ് പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ രണ്ടാമത്തെ ഡല്‍ഹി സന്ദര്‍ശമാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും വിജയ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.

Content Highlights: Tamil Nadu CM Vijay Meet Sonia Gandhi And Rahul Gandhi During Delhi Visit

dot image
To advertise here,contact us
dot image