

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്നതിനിടെ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ ഫിര്‍ഹാദ് ഹക്കീം കൊല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവെച്ചു. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പ്രവര്‍ത്തിക്കാനാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഹക്കീം നേരത്തെ രാജിവയ്ക്കാന്‍ അനുമതി തേടിയിരുന്നു. 'രാജിവയ്ക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും രാജി അനുവദിക്കണമെന്ന് മമതാ ബാനര്‍ജിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അവര്‍ അനുവാദം നല്‍കുകയായിരുന്നു' എന്നാണ് ടിഎംസി എംഎല്‍എ കുനാല്‍ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ ന്യൂനപക്ഷ മുഖമായ ഹക്കീം 2018 മുതല്‍ കൊല്‍ക്കത്ത മേയറായിരുന്നു. വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരില്‍ നിരവധി തവണ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2010 മുതല്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കയ്യിലാണ്. കഴിഞ്ഞ മാസം ഫിര്‍ഹാദ് ഹക്കിമിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ആക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി ജനറല്‍ സെക്രട്ടറി സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു.
അതേസമയം, തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി നിർദ്ദേശിച്ച ശോഭൻദേബ് ചട്ടോപാധ്യായിയെ പരിഗണിക്കാതെയാണ് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. 59 ടിഎംസി എംഎൽഎമാരുടെ പിന്തുണകത്ത് ഹാജരാക്കിയ ഋതബ്രത ബാനർജിയെ സ്പീക്കർ പ്രതിപക്ഷ നേതാവായി നിയോഗിക്കുകയായിരുന്നു. 53 എംഎൽഎമാരുടെ പിന്തുണയായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വേണ്ടിയിരുന്നത്. താനടക്കം 59 എംഎല്‍എമാരുടെ പിന്തുണയെന്ന് അവകാശപ്പെട്ട് നേരത്തെ ഋതബ്രത ബാനർജി രംഗത്തെത്തിയിരുന്നു. നിയമസഭയിലാണ് ഋതബ്രത അവകാശവാദം ഉന്നയിച്ചത്. എംഎല്‍എമാരായ അരൂപ് റോയ്, ഷിയുലി സാഹ, അഖ്‌റുസ്സമാന്‍ എന്നിവരും ഋതബ്രതയ്‌ക്കൊപ്പം സഭയിലെത്തിയിരുന്നു.
നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ടിഎംസി പാർലമെൻ്ററി പാർട്ടി ശോഭൻദേബ് ചധോപാധ്യയെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തതായി സ്പീക്കർക്ക് തൃണമൂൽ നേതൃത്വം കത്ത് നൽകിയിരുന്നു. എന്നാൽ കത്ത് എംഎൽഎമാരുടെ വ്യാജ ഒപ്പിട്ടാണ് കൈമാറിയതെന്ന ആരോപണം ഉയർന്നിരുന്നു.ഒപ്പുകള്‍ വ്യാജമെന്ന് കാട്ടി ഋതബ്രതയും സന്ദീപന്‍ സാഹയും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ ശോഭൻദേബ് ചട്ടോഹാധ്യായിയെ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കം സ്പീക്കര്‍ തടഞ്ഞിരുന്നു. അഭിഷേക് ബാനർജിക്ക് എതിരെയായിരുന്നു ഇത് സംബന്ധിച്ച് ആരോപണം ഉയർന്നത്. ഇതിന് പിന്നാലെയാണ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ ടിഎംസിയിൽ വിമതനീക്കം നടന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിമതര്‍ക്ക് ചുരുങ്ങിയത് 54 എംഎല്‍എമാരുടെ പിന്തുണ ആവശ്യമായിട്ടുണ്ട്. 59 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതോടെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് അവകാശപ്പെടാനുള്ള മുൻതൂക്കം കൂടിയാണ് ഋതബ്രത നേതൃത്വം നൽകുന്ന സംഘത്തിന് ലഭിച്ചിരിക്കുന്നത്.
Content Highlights: Another setback for Trinamool Congress; Close aid of mamata banerjee and Kolkata Mayor Firhad Hakim resigns