

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യയും വിവിധ അറബ് രാജ്യങ്ങളും. ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. കുവൈറ്റിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സൗദി അറേബ്യ, യുഎഇ, ഒമാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഗൾഫ് സഹകരണ കൗൺസിലും രംഗത്തെത്തിയിട്ടുണ്ട്.
കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മേഖലയിലെ യുദ്ധാന്തരീക്ഷം കണക്കിലെടുത്ത്, ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ഇന്ത്യ ആവശ്യപ്പെട്ടു.
അതിനിടെ, കുവൈറ്റിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. കുവൈറ്റ്, ബഹ്റൈൻ രാജ്യങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സൗദി, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇറാൻ ദുർബലപ്പെടുത്തുകയാണെന്നും ആവർത്തിച്ചു.
സമാനമായ രീതിയിൽ ഒമാനും ഈജിപ്തും ഇറാന്റെ നടപടിയെ തള്ളിപ്പറഞ്ഞു. സിവിലിയൻ സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ഈജിപ്ത് മുന്നറിയിപ്പ് നൽകി. ഒമാനാകട്ടെ, സുൽത്താനേറ്റിന്റെ പൂർണ്ണ ഐക്യദാർഢ്യം ഇരു രാജ്യങ്ങൾക്കും ഉറപ്പുനൽകി. യുഎഇ നയതന്ത്രജ്ഞൻ അൻവർ ഗർഗാഷും ഗൾഫ് സുരക്ഷയുടെ പരസ്പരബന്ധം ഓർമ്മിപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു രാജ്യത്തെയും ഒറ്റപ്പെടുത്തരുതെന്നും, ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യ ശ്രമങ്ങൾ തള്ളി ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരം കാണണമെന്നും യുഎഇ ആവശ്യപ്പെട്ടു.
സിവിലിയൻ ലക്ഷ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണം അഭൂതപൂർവമായ സുരക്ഷാ ഭീഷണിയാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ വ്യക്തമാക്കി. ജിസിസി അംഗരാജ്യങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന ശത്രുതാപരമായ നിലപാടാണ് ഇറാൻ ഭരണകൂടം തുടരുന്നതെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ചൂണ്ടിക്കാട്ടി. മേഖല ഒന്നടങ്കം ഇറാന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.
Content Highlights: Following reports of an alleged incident at Kuwait Airport, several Arab countries have voiced strong concern and issued statements urging de-escalation. The situation has heightened regional tensions, with calls for restraint and diplomatic resolution.